നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ സത്യപ്രതിജ്ഞ 16ന്; വേദിയാവുന്നത് ഭഗത് സിങ്ങിന്റെ ജന്‍മനാട്

Update: 2022-03-11 14:18 GMT

ന്യൂഡല്‍ഹി: പഞ്ചാബിലെ നിയുക്ത മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ ഭഗവന്ത് മന്‍ മാര്‍ച്ച് 16ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്ഭവനിലായിരിക്കില്ല, സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിന്റെ ജന്മനാട്ടില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഭഗവന്ത് മന്‍ അറിയിച്ചിരുന്നു. ഭഗത് സിങ്ങിന്റെ ജന്മനാടായ നവാന്‍ഷഹര്‍ ജില്ലയിലെ ഖട്കര്‍ കാലാനില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ഞായറാഴ്ച അമൃത്‌സറില്‍ റോഡ് ഷോയും സംഘടിപ്പിക്കും. പഞ്ചാബില്‍ എഎപിക്ക് വോട്ടുചെയ്യാത്തവര്‍ വിഷമിക്കേണ്ടതില്ലെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയാവും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും മന്‍ അറിയിച്ചിരുന്നു.

സ്‌കൂളുകളുടെ അവസ്ഥ മെച്ചപ്പെടുത്തല്‍, ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യമൊരുക്കല്‍, വ്യവസായം തിരികെ കൊണ്ടുവരിക, കൃഷി ലാഭകരമാക്കല്‍, സ്ത്രീ സുരക്ഷ, കായിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവയാണ് തന്റെ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങള്‍. കായിക വിനോദങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ എല്ലാ ഗ്രാമങ്ങളിലും ട്രാക്കുകളും സ്‌റ്റേഡിയങ്ങളും സ്ഥാപിക്കുമെന്നും മന്‍ പ്രഖ്യാപിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഭഗവന്ത് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിനെ ക്ഷണിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഭഗവന്ത് മന്‍ ഡല്‍ഹിയിലെ വസതിയിലെത്തി പാര്‍ട്ടി ദേശീയ കണ്‍വീനറായ അരവിന്ദ് കെജ്‌രിവാളിനെ കണ്ടു.

കെജ്‌രിവാളും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഒന്നിച്ചാണ് ഭഗവന്തിനെ സ്വീകരിച്ചത്. കെജ്‌രിവാളിന്റെ കാല്‍തൊട്ട് വണങ്ങിയ ഭഗവന്ത് ഇരുവരേയും കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിടുകയും ചെയ്തു. എഎപി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. 'എന്റെ ഇളയ സഹോദരനായ ഭഗവന്ത് മന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിലേക്ക് എന്നെ ക്ഷണിക്കാനായി ഭഗവന്ത് ഇന്ന് വസതിയിലെത്തി.

ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ പഞ്ചാബിലെ ജനങ്ങളുടെ എല്ലാ പ്രതീക്ഷകളും നിറവേറ്റാന്‍ ഭഗവന്തിന് സാധിക്കുമെന്ന് എനിക്ക് ഉറപ്പാണ്'- ഭഗവന്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ദേശീയ പാര്‍ട്ടിയായി ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന എഎപി ഡല്‍ഹിക്ക് പുറമേ അധികാരം പിടിക്കുന്ന ആദ്യസംസ്ഥാനമാണ് പഞ്ചാബ്. കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞ് 117 അംഗ നിയമസഭയില്‍ 92 സീറ്റും നേടി വന്‍ ഭൂരിപക്ഷത്തിലാണ് എഎപി ഭരണത്തിലേറുന്നത്.

Tags: