കൊവിഡ് 19 ഭീതി: യാത്രക്കാരില്ലാത്തതിനാല്‍ രാജ്യത്ത് 85 ട്രെയിനുകള്‍ റദ്ദാക്കി
സെല്‍ട്രല്‍ റെയില്‍വേ- 23, ദക്ഷിണ മധ്യ റെയില്‍വേ- 29, പടിഞ്ഞാറന്‍ റെയില്‍വേ- 10, ദക്ഷിണ പൂര്‍വ റെയില്‍വേ- ഒമ്പത് എന്നിങ്ങനെയാണ് റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം. ഈസ്റ്റ് കോസ്റ്റ് റെയില്‍വേയും നോര്‍ത്തേണ്‍ റെയില്‍വേയും അഞ്ചും നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ നാലും ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
ന്യൂഡല്‍ഹി: കൊവിഡ് 19 ഭീതിയെത്തുടര്‍ന്ന് ട്രെയിനുകളില്‍ യാത്രക്കാരുടെ എണ്ണം കുറയുന്നു. യാത്രക്കാരില്ലാത്തതിനെത്തുടര്‍ന്ന് രാജ്യത്ത് ദീര്‍ഘദൂരയാത്ര ഉള്‍പ്പെടെ 85 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ ഒന്നുവരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. സെല്‍ട്രല്‍ റെയില്‍വേ- 23, ദക്ഷിണ മധ്യ റെയില്‍വേ- 29, പടിഞ്ഞാറന്‍ റെയില്‍വേ- 10, ദക്ഷിണ പൂര്‍വ റെയില്‍വേ- ഒമ്പത് എന്നിങ്ങനെയാണ് റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം. ഈസ്റ്റ് കോസ്റ്റ് റെയില്‍വേയും നോര്‍ത്തേണ്‍ റെയില്‍വേയും അഞ്ചും നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ നാലും ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാന്‍ വെസ്റ്റേണ്‍ റെയില്‍വേയും സെന്‍ട്രല്‍ റെയില്‍വേയും പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി ഉയര്‍ത്തിയിരുന്നു.
പ്രധാന സ്റ്റേഷനുകളില്‍ മാത്രമാണു വര്‍ധന. ടിക്കറ്റ് നിരക്ക് വര്‍ധന താല്‍ക്കാലികമാണെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. ട്രെയിനില്‍ ഭക്ഷണം കൈകാര്യംചെയ്യുന്ന ജീവനക്കാര്‍ക്കായി റെയില്‍വേ പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. പനി, ചുമ, മൂക്കൊലിപ്പ്, ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവയുള്ള ജീവനക്കാരെ ഭക്ഷണം കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ വിന്യസിക്കരുത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) യുടെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള വ്യക്തിഗത ശുചിത്വം പാലിക്കാന്‍ കാറ്ററിങ് യൂനിറ്റിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കണം. എല്ലാ ജീവനക്കാരും ഫെയ്‌സ്മാസ്‌കും കൈയുറകളും ധരിക്കണം.
യാത്രക്കാര്‍ക്കുള്ള ഭക്ഷണമുണ്ടാക്കുമ്പോഴും വിതരണം ചെയ്യുമ്പോഴും ശിരോവസ്ത്രമുണ്ടാവണം. ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകണം. ചുമയോ ജലദോഷമോ ഉള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കണം. കണ്ണുകളിലും മൂക്കിലും തൊടുന്നത് ഒഴിവാക്കുക. കൈയ്യുറകള്‍ ഇടയ്ക്കിടെ മാറ്റുകയും ഡസ്റ്റ്ബിന്‍ സമയബന്ധിതമായി നീക്കംചെയ്യുകയും വേണം. എല്ലാ കാറ്ററിങ് യൂനിറ്റുകളിലും ഹാന്‍ഡ് സോപ്പും സാനിറ്റൈസറുകളും വേണ്ടത്ര ലഭ്യമാണെന്നത് ഉറപ്പാക്കണം. കാറ്ററിങ് യൂനിറ്റുകളിലും ദിവസേന സമഗ്രമായ ശുചീകരണം നടത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

