അയോധ്യ ആക്രമണം: നാലു പ്രതികള്‍ക്ക് ജീവപര്യന്തം; വിധി പറഞ്ഞത് 14ാം വര്‍ഷം

ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയെന്നാരോപിച്ച് പോലിസ് അറസ്റ്റ് ചെയ്ത അഞ്ചുപേരില്‍ നാലുപേരെയാണ് ഇപ്പോള്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്

Update: 2019-06-18 14:35 GMT
(ഫയല്‍ ചിത്രം)

പ്രയാഗ്‌രാജ്: അയോധ്യയിലെ താല്‍ക്കാലിക ക്ഷേത്രത്തിനു നേരെ ആക്രമണം നടത്തിയെന്ന കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവും 2.4 ലക്ഷം വീതം പിഴയും. ഒരാളെ കോടതി വെറുതെവിട്ടു. ആക്രമണം നടന്ന് പതിനാല് വര്‍ഷം തികയാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് പ്രയാഗ്‌രാജിലെ പ്രത്യേക കോടതി കേസില്‍ വിധി പറഞ്ഞത്. 2005 ജൂലൈ അഞ്ചിനാണു കേസിനാസ്പദമായ സംഭവം. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്ത് നിര്‍മിച്ച താല്‍ക്കാലിക ക്ഷേത്രം ലക്ഷ്യമിട്ടെത്തിയ സംഘം ജീപ്പില്‍ ബോംബ് ഘടിപ്പിച്ച് സ്‌ഫോടനം നടത്തിയെന്നാണു കേസ്. തീര്‍ഥാടകരുടെ വേഷം ധരിച്ചെത്തിയ സംഘം റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് വെടിവയ്പ് നടത്തിയെന്നാണു കേസ്. ആക്രമണത്തില്‍ രണ്ടു സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും ഏഴു സുരക്ഷാ സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

    സംഭവ സ്ഥലത്തുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന അഞ്ചുപേരെ കൊലപ്പെടുത്തിയിരുന്നു. പാകിസ്താന്‍ ആസ്ഥാനമായുള്ള സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് കണ്ടെത്തല്‍. ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയെന്നാരോപിച്ച് പോലിസ് അറസ്റ്റ് ചെയ്ത അഞ്ചുപേരില്‍ നാലുപേരെയാണ് ഇപ്പോള്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. അറസ്റ്റിലായവരില്‍ ഒരാളെ പശ്ചിമ യുപിയിലെ സഹറന്‍പൂരില്‍ നിന്നും നാലുപേരെ ജമ്മു കശ്മീരില്‍ നിന്നുമാണ് പിടികൂടിയിരുന്നത്. ഫൈസാബാദ് കോടതിയില്‍ പരിഗണിച്ചിരുന്ന കേസ് പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ അഭിഭാഷകര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് പ്രയാഗ് രാജിലെ കോടതിയിലേക്ക് മാറ്റുകയായിരുന്നു. കോടതി വിധിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വാഗതം ചെയ്തു.

Tags:    

Similar News