ന്യൂഡല്‍ഹി: ഛത്തീസ്ഗഢ്-തെലങ്കാന അതിര്‍ത്തിയിലെ കരേഗുട്ട കുന്നുകളില്‍വച്ച് 31 മാവോവാദികളെ സുരക്ഷാസേന വധിച്ചു. 21 ദിവസം കൊണ്ടാണ് 31 മാവോവാദികളെ സുരക്ഷാസേന വധിച്ചതെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. 'ഓപ്പറേഷന്‍ ബ്ലാക്ക് ഫോറസ്റ്റ്' എന്നു പേരിട്ട ദൗത്യത്തില്‍ ആകെ 1.72 കോടി രൂപ തലയ്ക്കു വിലയിട്ടിരുന്ന മാവോവാദികളെയാണ് വധിച്ചത്. ഇവരെ ഇല്ലാതാക്കി കരേഗുട്ട കുന്നുകള്‍ തിരിച്ചുപിടിച്ചത് മാവോയിസത്തിന്റെ അവസാനത്തിലേക്കുള്ള തുടക്കമാണെന്ന് സിആര്‍പിഎഫ് മേധാവി ചീഫ് ജനറല്‍ ജി പി സിങ് പറഞ്ഞു. ഇന്ത്യയിലെ മാവോവാദി ഗ്രൂപ്പുകളുടെ ശക്തികേന്ദ്രമായിരുന്നു കരേഗുട്ട കുന്നുകള്‍. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി ബറ്റാലിയന്‍ 1, ദണ്ഡകാരണ്യ സ്‌പെഷല്‍ സോണല്‍ കമ്മിറ്റി, ടിഎസ്സി, സിആര്‍സി തുടങ്ങിയ മാവോവാദി ഗ്രൂപ്പുകളുടെ ആസ്ഥാനമായിരുന്നു ഇവിടം.