ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്നുപേരെ വധിച്ചെന്ന് സേന
ആയുധങ്ങള്‍ കണ്ടെടുത്തതായും ഓപറേഷന്‍ പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റമുട്ടലില്‍ മൂന്ന് സായുധരെ വധിച്ചെന്ന് ഇന്ത്യന്‍ സേന. ഷോപിയാനിലെ കെല്ലാറിനടുത്ത് യെര്‍വാന്‍ ഏരിയയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണു സംഭവം. സായുധധാരികള്‍ മേഖലയില്‍ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് തിരച്ചില്‍ നടത്തിയ സുരക്ഷാസേനയ്ക്കു നേരെയാണ് ആദ്യം വെടിവയ്പുണ്ടായതെന്ന് സൈന്യം അറിയിച്ചു. തുടര്‍ന്ന് സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലിസും ചേര്‍ന്ന് തിരിച്ചു വെടിവച്ചപ്പോഴാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആയുധങ്ങള്‍ കണ്ടെടുത്തതായും ഓപറേഷന്‍ പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് ഷോപിയാനില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. അതേസമയം, ദക്ഷിണ കശ്മീരിലെ ഹന്ദ്വാരയ്ക്കു സമീപത്തും ഏറ്റുമുട്ടലുണ്ടായി. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.