ഛത്തീസ്ഗഢില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ 22 ഇതരസംസ്ഥാന തൊഴിലാളികള്‍ ചാടിപ്പോയി

47 തൊഴിലാളികളാണ് ആന്ധ്ര പ്രദേശില്‍നിന്നും തെലങ്കാനയില്‍ നിന്നുമായി ദന്തേവാഡയിലേക്ക് മടങ്ങിയെത്തിയത്.

Update: 2020-05-08 11:03 GMT

റാഞ്ചി: തെലങ്കാനയില്‍നിന്ന് മടങ്ങിയെത്തിയ 22 ഇതരസംസ്ഥാന തൊഴിലാളികള്‍ നിരീക്ഷണകേന്ദ്രത്തില്‍നിന്ന് ചാടിപ്പോയി. ഛത്തീസ്ഗഢിലെ ദന്തേവാഡ ജില്ലയിലാണ് സംഭവം. 47 തൊഴിലാളികളാണ് ആന്ധ്ര പ്രദേശില്‍നിന്നും തെലങ്കാനയില്‍ നിന്നുമായി ദന്തേവാഡയിലേക്ക് മടങ്ങിയെത്തിയത്. നഗാദിയില്‍ ഗ്രാമത്തില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് തൊഴിലാളികള്‍ക്ക് നിരീക്ഷണത്തിനായുള്ള സൗകര്യമൊരുക്കിയിരുന്നതെന്ന് ദന്തേവാഡ ജില്ലാ കലക്ടര്‍ പറഞ്ഞു. ഇന്നലെ അരന്‍പൂരിലെത്തിയ ഇവരെയെല്ലാം ആരോഗ്യപ്രവര്‍ത്തകര്‍ വൈദ്യപരിശോധന നടത്തി.

തുടര്‍ന്ന് രാത്രി പോലിസ് സ്റ്റേഷന്‍ അരികിലുള്ള സ്ഥലത്ത് ഇവരെ നീരീക്ഷണത്തിലാക്കി. അവിടെനിന്നാണ് ഇവര്‍ രക്ഷപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും വിവരം അറിയിച്ചതായി കലക്ടര്‍ അറിയിച്ചു. ഇതുവരെ അവര്‍ ഗ്രാമത്തില്‍ മടങ്ങിയെത്തിയിട്ടില്ലെന്നാണ് കിട്ടിയ വിവരം. അതേസമയം, ചത്തീസ്ഗഡില്‍ 59 കൊവിഡ് കേസുകളാണ് ഇതുവരെ റിേപാര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 38 പേര്‍ രോഗ മുക്തരായി. 21 പേര്‍ റായ്പൂര്‍ എയിംസില്‍ ചികില്‍സയിലാണ്.

Tags: