റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയ്ക്കുശേഷം 14 കര്‍ഷകരെ കാണാനില്ലെന്ന് കര്‍ഷക സംഘടനകള്‍

കാണാതായ കര്‍ഷകരുടെ പേരുകള്‍ ഡല്‍ഹി പോലിസിന് കൈമാറിയെങ്കിലും ജയിലിലോ കസ്റ്റഡിയിലോ ഇവരില്ലെന്നാണ് പോലിസ് മറുപടി നല്‍കിയത്. ഇവര്‍ വീടുകളിലും തിരിച്ചെത്തിയിട്ടില്ല. പരിക്കേറ്റ് ആശുപത്രികളിലുള്ളവരിലും ഈ 14 പേരില്ലെന്നാണ് അന്വേഷണത്തില്‍ മനസ്സിലായത്.

Update: 2021-03-05 06:25 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിനുശേഷം 14 കര്‍ഷകരെ കാണാനില്ലെന്ന് കര്‍ഷക സംഘടനകള്‍. ഇവര്‍ കസ്റ്റഡിയില്‍ ഇല്ലെന്നാണ് പോലിസ് അറിയിച്ചത്. ഇവര്‍ ഇതുവരെ വീടുകളിലുമെത്തിയിട്ടില്ലാത്തത് ആശങ്കയുണ്ടാക്കുന്നുവെന്നും കര്‍ഷക നേതാക്കള്‍ സ്വകാര്യചാനലിനോട് പറഞ്ഞു.

കാണാതായ 14 പേരും പഞ്ചാബ് സ്വദേശികളാണ്. ഇവരെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങളും ഡല്‍ഹി പോലിസിനെ സമീപിച്ചിരിക്കുകയാണ്. മൂന്നുമാസത്തിലധികമായി ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷക നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്നത്. റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 163 കര്‍ഷകരുടെ പട്ടികയാണ് ഡല്‍ഹി പോലിസിന്റെ കൈയിലുള്ളത്. ഇതില്‍ നൂറിലധികം പേര്‍ ജാമ്യത്തിലിറങ്ങി. മറ്റുള്ളവര്‍ തിഹാര്‍ ജയിലിലുണ്ട്.

കാണാതായ കര്‍ഷകരുടെ പേരുകള്‍ ഡല്‍ഹി പോലിസിന് കൈമാറിയെങ്കിലും ജയിലിലോ കസ്റ്റഡിയിലോ ഇവരില്ലെന്നാണ് പോലിസ് മറുപടി നല്‍കിയത്. ഇവര്‍ വീടുകളിലും തിരിച്ചെത്തിയിട്ടില്ല. പരിക്കേറ്റ് ആശുപത്രികളിലുള്ളവരിലും ഈ 14 പേരില്ലെന്നാണ് അന്വേഷണത്തില്‍ മനസ്സിലായത്. വ്യത്യസ്ത ഇടങ്ങളില്‍നിന്നുപോയ 14 കര്‍ഷകരുടെ മൊബൈല്‍ ഫോണുകള്‍ ഒരുപോലെ പ്രവര്‍ത്തിക്കാത്തത് ദുരൂഹമാണെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.

Tags: