അനധികൃതമായി മൽസ്യം പിടിക്കുന്നതിനായി ജലാശയങ്ങളില്‍ സ്ഥാപിച്ച ഊന്നികൾ നീക്കം ചെയ്തു

അനധികൃതമായി ഊന്നി സ്ഥാപിച്ച വിഷയം യഥാസമയം ഫിഷറീസ് വകുപ്പിൽ രേഖാമൂലം അറിയിപ്പ് കൊടുത്തിരുന്നു.

Update: 2020-08-16 14:31 GMT

മാള: അനധികൃതമായി മൽസ്യം പിടിക്കുന്നതിനായി പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ ജലാശയങ്ങളില്‍ സ്ഥാപിച്ച ഊന്നികൾ നീക്കം ചെയ്തു. ഗ്രാമപഞ്ചായത്തിൻ്റെ പരിധിയിലുള്ള നെയ്തക്കുടി - ചുങ്കം പാലത്തിനടിയിലും കൊമ്പത്ത്കടവ് തച്ചപ്പിള്ളി പാലത്തിനടിയിലും ഗ്രാമപഞ്ചായത്തിൻ്റെ അനുമതിയില്ലാതെ സ്വകാര്യ വ്യക്തി വെള്ളത്തിൻ്റെ ഒഴുക്കിന് തടസ്സമുണ്ടാക്കി കൊണ്ടാണ് സ്ഥിരമായി മൽസ്യം ലഭിക്കാവുന്ന തരത്തിൽ അനധികൃതമായി ഊന്നികൾ സ്ഥാപിച്ചിരുന്നത്.

ഫിഷറീസ് വകുപ്പിൻ്റെ അനുമതിയുണ്ടെന്ന വ്യാജേന ഇരുമ്പ് പൈപ്പുകൾ ചാലിൻ്റെ നടുവിൽ അടിച്ച് താഴ്ത്തി വൈക്കൽച്ചിറ, കരിങ്ങോൾച്ചിറ, തച്ചപ്പിള്ളി ചാലിലെ ഏറ്റവും വീതിയേറിയതും കൂടുതൽ ആഴമുള്ളതുമായ സ്ഥലത്താണ് വെള്ളത്തിൻ്റെ ഒഴുക്കിന് തടസ്സമുണ്ടാക്കിയത്. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള തോടുകളും, കുളങ്ങളുമെല്ലാം എല്ലാ വർഷവും സുതാര്യമായി നടക്കുന്ന മൽസ്യ കാപ്പ് ലേലം ചെയ്തിട്ടാണ് മൽസ്യം പിടിക്കാൻ അനുമതി നൽകി വരുന്നത്. c

പഞ്ചായത്തീരാജ് ആക്ട് പ്രകാരം തുടർച്ചയായി ഊന്നികൾ സ്ഥാപിച്ച വ്യക്തിക്ക് നോട്ടീസ് നൽകിയിട്ടും ഊന്നി മാറ്റാത്തതിനെ തുടർന്നാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഐക്യകണ്ഠേനയുള്ള തീരുമാനപ്രകാരം ഊന്നികൾ നീക്കം ചെയ്തതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിഎ നദീർ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പിഐ നിസാർ, ഗ്രാമപഞ്ചായത്തംഗം കെ വി സുജിത് ലാൽ എന്നിവർ അറിയിച്ചു. 

Similar News