ഓപറേഷന്‍ സാഗര്‍ റാണി: കോഴിക്കോട് ജില്ലയില്‍ 185 കിലോ മൽസ്യം പിടികൂടി

ഐസ് ഉപയോഗിക്കാത്തത് കാരണവും ഫോര്‍മാലിന്‍ ടെസ്റ്റ് പോസിറ്റീവ് ആയതിനാലും ഭക്ഷ്യയോഗ്യമല്ലാത്ത മൽസ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.

Update: 2020-04-17 18:51 GMT

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടന്ന പരിശോധനയില്‍ 185 കിലോ കേടായ മൽസ്യം നശിപ്പിച്ചു . ഓപറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാവകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൽസ്യം പിടിച്ചെടുത്തത്. നശിപ്പിച്ചത്. കോവൂര്‍ കട്ടാങ്ങല്‍, കുന്ദമംഗലം എന്നിവിടങ്ങളില്‍ ആവശ്യത്തിന് ഐസ് ഉപയോഗിക്കാത്തത് കാരണവും ഫോര്‍മാലിന്‍ ടെസ്റ്റ് പോസിറ്റീവ് ആയതിനാലും ഭക്ഷ്യയോഗ്യമല്ലാത്ത മൽസ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.

ഫുഡ് സേഫ്റ്റി ഓഫീസര്‍ ആയ ഡോക്ടര്‍ രഞ്ജിത്ത് പി ഗോപി, ഡെപ്യൂട്ടി കലക്ടര്‍ അനിതകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്. മൽസ്യത്തിന്റെ തൂക്കത്തിന് തുല്യ തൂക്കം ഐസ് ഇട്ടു വേണം മൽസ്യം വില്‍പ്പനക്ക് വയ്ക്കാന്‍. ചൂട് കൂടിയ കാലാവസ്ഥ ആയതിനാല്‍ ഐസ് ഉരുകി പോകുന്നതിനു അനുസരിച്ചു വീണ്ടും ഐസ് ഇടേണ്ടതാണ്. പഴകിയതായി തോന്നുന്നതോ ഐസ് ഇല്ലാതെ വില്‍പ്പനക്ക് വച്ചിരിക്കുന്നതോ ആയ മൽസ്യം വാങ്ങാതിരിക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം. ഇത്തരം വിവരം അധികൃതരെ അറിയിക്കുകയും വേണമെന്നും അധികൃതര്‍ അറിയിച്ചു. 

Similar News