കാസർകോട് ആറുമാസത്തിനകം അത്യാധുനിക ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബ്

സംസ്ഥാന സർക്കാർ കാസർകോട് 1.25 കോടി മുടക്കി ലാബിനാവശ്യമായ രണ്ട് നില കെട്ടിടം നിർമ്മിച്ചിരുന്നു. ഈ ലാബ് ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് ആയി ഉയർത്തുന്നതിന് കേന്ദ്ര സർക്കാർ 1.25 കോടി രൂപ അനുവദിച്ചു.

Update: 2022-02-07 11:57 GMT

കാസർകോട്: കാസർകോട് അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് ആറു മാസത്തിനകം സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലബോറട്ടറി സൗകര്യം കുറഞ്ഞ ഈ ജില്ലയിൽ പുതിയ പബ്ലിക് ഹെൽത്ത് ലാബ് വരുന്നതോടെ ജനങ്ങൾക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സർക്കാർ കാസർകോട് 1.25 കോടി മുടക്കി ലാബിനാവശ്യമായ രണ്ട് നില കെട്ടിടം നിർമ്മിച്ചിരുന്നു. ഈ ലാബ് ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് ആയി ഉയർത്തുന്നതിന് കേന്ദ്ര സർക്കാർ 1.25 കോടി രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് ലാബിനാവശ്യമായ ഫർണിച്ചറുകളും പരിശോധനാ സാമഗ്രികളും സജ്ജമാക്കും.

2026 ഓടെ എല്ലാ ജില്ലകളിലും ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് സജ്ജമാക്കാനുള്ള ശ്രമത്തിലാണ്. നിലവിലെ പബ്ലിക് ഹെൽത്ത് ലാബുകൾ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കും. പബ്ലിക് ഹെൽത്ത് ലാബില്ലാത്ത ജില്ലകളിൽ പുതുതായി ലാബുകൾ സ്ഥാപിക്കും. പകർച്ച വ്യാധികൾ, പകർച്ചേതര വ്യാധികൾ, ഹോർമോൺ പരിശോധന, കൊവിഡ് പരിശോധന തുടങ്ങിയവയെല്ലാം ഈ ലാബിൽ ചെയ്യാൻ സാധിക്കും. പത്തോളജി, മൈക്രോബയോളജി, വൈറോളജി പരിശോധനകളും സാധ്യമാകും.

ഒ പി, ഐ പി വേർതിരിവില്ലാതെ ഡോക്ടറുടെ കുറിപ്പടിയോടെ ഏതൊരാൾക്കും പബ്ലിക് ഹെൽത്ത് ലാബിൽ നിന്നു സേവനം ലഭിക്കും. ബിപിഎൽ വിഭാഗക്കാർക്ക് എല്ലാ പരിശോധനകളും സൗജന്യമാണ്. എപിഎൽ വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിശ്ചിത ഫീസ് മാത്രമേ ഈടാക്കൂ.

Tags:    

Similar News