പോക്‌സോ കേസ് പ്രതിയായ രണ്ടാനച്ഛനൊപ്പം ആറ് വയസുകാരിയെയും അമ്മയെയും എത്തിച്ച പോലിസ് നടപടിക്കെതിരേ ഡിജിപി

Update: 2021-12-02 13:22 GMT

തിരുവനന്തപുരം: പോക്‌സോ കേസ് നേരിടുന്ന രണ്ടാനച്ഛനൊപ്പം ആറ് വയസുകാരി മകളെയും അമ്മയെയും എത്തിച്ച പോലിസ് നടപടിക്കെതിരേ ഡിജിപിയുടെ ഇടപെടല്‍. സംഭവത്തെ കുറിച്ച് മലയിന്‍കീഴ് സി ഐ സൈജുവിനെ റൂറല്‍ എസ്പി വിളിപ്പിച്ചു. വീഴ്ചയില്‍ വിശദീകരണവും തേടിയിട്ടുണ്ട്. അമ്മയുടെ പരാതിയില്‍ ആണ് പോലിസ് മേധാവിയുടെ ഇടപെടലുണ്ടായത്.

പോക്‌സോ കേസിലെ പ്രതി കണ്‍മുന്നിലുണ്ടായിട്ടും നടപടികള്‍ വൈകിപ്പിച്ച പോലിസ്, ഇതേ പ്രതിയുടെ പരാതിയില്‍ ഇരയായ കുഞ്ഞിന്റെ അമ്മയെ അറസ്റ്റ് ചെയ്തിരുന്നു. 45 ദിവസമാണ് മാതാവ് ജയിലില്‍ കിടന്നത്. ആറ് വയസുകാരിയായ മകളെ പീഡിപ്പിച്ച, വ്യോമസേന ഉദ്യോഗസ്ഥനായ രണ്ടാനച്ഛനെ ഭാര്യ വെട്ടിപ്പരിക്കേല്‍പിച്ചെന്ന കേസിലായിരുന്നു അമ്മയെ അറസ്റ്റ് ചെയ്തത്.

മാട്രിമോണിയല്‍ പരസ്യത്തിലൂടെ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടാണ് ആറ് വയസുകാരി മകള്‍ക്കൊപ്പം മുംബൈ മലയാളി യുവതി തിരുവനന്തപുരത്ത് എത്തുന്നത്. ജൂലൈ 15ന് ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ജൂലൈ 17ന് രാത്രി വീട്ടില്‍ തന്റെ മകളെ ഭര്‍ത്താവ് പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം നടന്ന ശേഷം മൊബൈല്‍ അടക്കം പിടിച്ചുവാങ്ങി ഒന്നരമാസം വീട്ടുതടങ്കലില്‍ ഇട്ടെന്നും യുവതി പറയുന്നു.

രണ്ട് തവണ വധശ്രമമുണ്ടായെന്നും പരാതിപ്പെടുന്നു. മകള്‍ നേരിട്ട പീഡനത്തില്‍ പരാതി നല്‍കാതെ പിന്മാറില്ലെന്ന ഉറച്ച നിലപാട് യുവതി എടുത്തതോടെ പ്രശ്‌നം വഷളായി. സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നെന്നും തന്റെ 16വയസുള്ള മകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും കാട്ടി വ്യോമസേന ഉദ്യോഗസ്ഥനും ആഗസ്റ്റ് അവസാനം യുവതിക്കെതിരെ പരാതി നല്‍കി. ഇതന്വേഷിക്കാന്‍ മലയിന്‍കീഴ് പോലിസ് എത്തിയതോടെയാണ് മകള്‍ നേരിട്ട പീഡനം പോലിസിനെ യുവതി അറിയിക്കുന്നത്. ആഗസ്റ്റ് 31ന്.അന്നെ ദിവസം അമ്മയെയും മകളെയും അവിടതന്നെ നിര്‍ത്തി പോലിസ് കടന്നു.

സെപ്റ്റംബര്‍ ഒന്നിന് യുവതി മകളുമായി പോലിസ് സ്‌റ്റേഷനില്‍ എത്തി. ആറ് വയസുകാരി മജിസ്‌ട്രേറ്റിന് മൊഴി നല്‍കി. മെഡിക്കല്‍ പരിശോധനയും പൂര്‍ത്തിയാക്കി. മെഡിക്കല്‍ റിപോര്‍ട്ടില്‍ ആറ് വയസുകാരി ലൈംഗിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തി. എന്നിട്ടും അന്നേ ദിവസം രാത്രി പോലിസ് ഇരുവരെയും എത്തിച്ചത് പ്രതി താമസിക്കുന്ന വീട്ടില്‍. കണ്‍മുന്നില്‍ പോക്‌സോ കേസ് പ്രതിയുണ്ടായിട്ടും പോലിസ് തൊട്ടില്ല.

പോലിസ് വീട്ടിലെത്തിച്ച അതെ ദിവസമാണ് ഭര്‍ത്താവ് ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടാകുന്നതും എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുന്നതും. സ്വയം മുറിവേല്‍പിച്ച് മിലിട്ടറി ആശുപത്രിയില്‍ ചികിത്സ തേടി തന്നെ വധശ്രമക്കേസ് പ്രതിയാക്കിയെന്നാണ് യുവതിയുടെ ആരോപണം. ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് വൈകിപ്പിച്ച മലയന്‍കീഴ് പോലിസ് പോക്‌സോ കേസ് പ്രതിക്ക് പരിക്കേറ്റകേസില്‍ യുവതിയെ ഉടന്‍ അറസ്റ്റ് ചെയ്തു.

പോക്‌സോ കേസില്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ രണ്ടാഴ്ചകൊണ്ട് തന്നെ പുറത്തിറങ്ങി. എന്നാല്‍ വധശ്രമകേസില്‍ യുവതി നാല്‍പത്തിയഞ്ച് ദിവസം ജയില്‍ കിടക്കേണ്ടിവന്നു. മാനസിക സംഘര്‍ഷം അനുഭവിക്കുന്നതിനിടെ ആറുവയസുകാരിയും ഈ ഒന്നരമാസം അമ്മയില്‍ നിന്നും അകറ്റപ്പെട്ടു.

Tags:    

Similar News