മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍; പീഡനത്തിനിരയാകുന്ന സ്ത്രീകളുടെ ചികിത്സക്ക് ജില്ലാ, താലൂക്ക് തലങ്ങളില്‍ പ്രത്യേക ആശുപത്രികള്‍

പുനരധിവാസത്തിനും പ്രത്യേകം കേന്ദ്രങ്ങളൊരുക്കും. പീഡനത്തിന് ഇരയായി ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ സ്വകാര്യതയും വ്യക്തിപരമായ വിവരങ്ങളും പൂര്‍ണമായി സുരക്ഷിതമാക്കും.

Update: 2021-08-03 12:52 GMT

തിരുവനന്തപുരം: പീഡനത്തിന് ഇരയാകുന്ന സ്ത്രീകളുടെ ചികിത്സക്കും പുനരധിവാസത്തിനുമായി ജില്ലാ, താലൂക്ക് തലങ്ങളില്‍ ഒന്നിലധികം ആശുപത്രികളും മറ്റ് പുനരധിവാസ കേന്ദ്രങ്ങളും കണ്ടെത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.

പുനരധിവാസത്തിനായി ഒരു പ്രോട്ടോകോള്‍ രൂപീകരിക്കാനും തീരുമാനിച്ചു. എല്ലാ സ്ഥലങ്ങളിലും ഒരു നോഡല്‍ ഓഫിസറേയും നിയമിക്കും. പീഡനത്തിന് ഇരയായി ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ സ്വകാര്യതയും വ്യക്തിപരമായ വിവരങ്ങളും പൂര്‍ണമായി സുരക്ഷിതമാക്കും. ഇതിനാവശ്യമായ നടപടികള്‍ പോലിസ്, ആരോഗ്യ, വനിതാശിശുവികസന വകുപ്പുകള്‍ സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള ആരോഗ്യവകുപ്പിന്റെ സംരംഭമായ ഭൂമിക സെന്ററുകളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. പീഡനത്തിന് ഇരയാകുന്നവര്‍ക്ക് പ്രാഥമിക ശുശ്രൂഷ സൗജന്യമായി നല്‍കുന്നതിനും നിയമനടപടികളില്‍ സഹായിക്കുന്നതിനുമുള്ള വണ്‍ സ്‌റ്റോപ്പ് സെന്ററുകളുമായി ചേര്‍ത്ത് ഭൂമിക സെന്ററുകളെ പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം.

ഇതിനാവശ്യമായ അടിയന്തിര തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാംപയില്‍ എഗൈന്‍സ്റ്റ് ടോര്‍ച്ചര്‍ എന്ന സംഘടനക്ക് വേണ്ടി ചീഫ് കോര്‍ഡിനേറ്റര്‍ പരിദോഷ് ചാക്മ സമര്‍പ്പിച്ച പരാതിയില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സാമൂഹികനീതി വകുപ്പ് വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

Tags:    

Similar News