മുതലയുടെ വിയോഗത്തില്‍ കണ്ണീര്‍ വാര്‍ത്ത് ഒരു ഗ്രാമം മുഴുവന്‍

ഗ്രാമത്തിലെ കുളത്തില്‍ വസിച്ചിരുന്ന മുതലയെ അവര്‍ ദൈവതുല്യരായാണ് കണക്കാക്കിയിരുന്നത്. ഗംഗാറാമിന്റെ വിയോഗത്തില്‍ അനുശോചന ചടങ്ങുകളും നടന്നു.

Update: 2019-01-15 12:36 GMT

റായ്പൂര്‍: ചത്തീസ്ഗഡിലെ ബാവ മൊഹ്തറ ഗ്രാമത്തിലുള്ള ആരും അന്ന് ഭക്ഷണം കഴിച്ചില്ല. ഏറ്റവും പ്രിയപ്പെട്ട ആരോ വിടപറഞ്ഞതു പോലെ ആ ഗ്രാമം മുഴുവന്‍ കണ്ണീര്‍ വാര്‍ത്തു. അവരുടെ പ്രിയപ്പെട്ട ഗംഗാറാമിന്റെ വേര്‍പാട് തങ്ങാവുന്നതിലും ഏറെയായിരുന്നു അവര്‍ക്ക്. 130 വയസ്സുള്ള ഗംഗാറാമെന്ന മുതലയുടെ വേര്‍പാടാണ് അവരെ ഇത്രയധികം സങ്കടത്തിലാക്കിയതെന്ന് അറിയുമ്പോള്‍ ആര്‍ക്കും അദ്ഭുതം തോന്നും.



ഗ്രാമത്തിലെ കുളത്തില്‍ വസിച്ചിരുന്ന മുതലയെ അവര്‍ ദൈവതുല്യരായാണ് കണക്കാക്കിയിരുന്നത്. ഗംഗാറാമിന്റെ വിയോഗത്തില്‍ അനുശോചന ചടങ്ങുകളും നടന്നു. മുതലയ്ക്ക് വേണ്ടി കുളത്തിന്റെ കരയില്‍ ഒരു സ്മാരകം പണിയാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഒരു ക്ഷേത്രം പണിയുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്നും ഗ്രാമമുഖ്യന്‍ മോഹന്‍ സാഹു പറഞ്ഞു.

3.4 മീറ്റര്‍ നീളമുള്ള മുതലയെ കഴിഞ്ഞ ദിവസമാണ് കുളത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ എത്തി മുതലയെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. സ്വാഭാവിക മരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. 250കിലോയിലേറെ ഭാരമുണ്ടായിരുന്നു. 500ഓളം പേരാണ് ഗംഗാറാമിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഒത്തുചേര്‍ന്നത്.

അനുഗ്രഹം തേടി പലരും മുതലയുടെ ജഡത്തില്‍ തൊട്ടുവന്ദിച്ചു. ഗ്രാമീണര്‍ക്ക് മുതലയോട് വലിയ ഇഷ്ടമായിരുന്നുവെന്നും അതുകൊണ്ടാണ് ഗംഗാറാം മരിച്ച ദിവസം അവര്‍ ഭക്ഷണം പോലും ഉപേക്ഷിച്ചതെന്നും സാഹു പറഞ്ഞു. ഗ്രാമത്തിന്റെ സംരക്ഷകനായാണ് ജനങ്ങള്‍ ഗംഗാറാമിനെ കണ്ടിരുന്നത്.



100 വര്‍ഷത്തിലേറെയായി ഗംഗാറാം ഗ്രാമത്തിലെ ഈ കുളത്തിലുണ്ടെന്ന് സാഹു പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഗ്രാമീണര്‍ ദിവസവും കുളത്തില്‍ കുളിക്കാറുണ്ടെങ്കിലും ഒരിക്കലും ആരെയും ഉപദ്രവിച്ചിരുന്നില്ല. മുമ്പ് ഒന്ന് രണ്ട് തവണ മുതല ഇഴഞ്ഞ് അടുത്ത ഗ്രാമത്തില്‍ എത്തിയിരെന്നെങ്കിലും ഗ്രാമീണര്‍ വീണ്ടും അതിനെ കുളത്തിലേക്ക് തന്നെ എത്തിക്കുകയായിരുന്നു.

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ നല്ലൊരു ഉദാഹരണമാണ് ഇതെന്ന് ബെമെതാര ഫോറസ്റ്റ് സബ് ഡിവിഷനല്‍ ഓഫിസര്‍ ആര്‍ കെ സിന്‍ഹ പറഞ്ഞു. 

Tags: