അടിയന്തരാവസ്ഥയ്ക്ക് കാരണം ധ്രുവക്കരടികള്‍ !

Update: 2019-02-13 10:57 GMT
മോസ്‌കോ: കാലാവസ്ഥാ വ്യതിയാനം അടിയന്തരാവസ്ഥയ്ക്ക് കാരണമാകുമോ ? അതെ എന്നാണ് റഷ്യയിലെ ബെലുഷ്യ ഗുബ നഗരവാസികള്‍ പറയുന്നത്. ഇവിടെ വില്ലന്‍മാരായത് പ്രകൃതിക്ഷോഭങ്ങളല്ല മറിച്ച് 50ലധികം വരുന്ന ധ്രുവക്കരടികളാണ്. ആര്‍ട്ടിക് പ്രദേശത്തുനിന്നും പട്ടിണിയായതോടെ ജനവാസ മേഖലയായ ബെലൂഷ്യയിലേക്കെത്തിയ ധ്രുവക്കരടികള്‍ വീടുകള്‍ ആക്രമിച്ച് ഭക്ഷണം തട്ടിയെടുക്കുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്തതാണ് അടിയന്തരാവസ്ഥയ്ക്ക് കാരണം. റഷ്യയില്‍ ധ്രുവക്കരടികള്‍ സംരക്ഷിത വന്യമൃഗമായതിനാല്‍ കൊല്ലുന്നതിന് നിരോധനമുണ്ട്. ജനവാസകേന്ദ്രങ്ങളില്‍ കരടികള്‍ ഇറങ്ങിയതോടെ ഇവിടെങ്ങളില്‍ ജനജീവിതം ദുസ്സഹമാവുകയായിരുന്നു. സ്‌കൂള്‍, കോളജുകള്‍ എന്നിവയ്ക്ക് നേരത്തെ അവധി നല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കരടികളില്‍ നിന്നും സുരക്ഷയ്ക്കായി ജനവാസ മേഖലയില്‍ വേലി തീര്‍ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. മഞ്ഞില്‍ സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന ധ്രുവകരടികള്‍ പൊതുവെ നാട്ടിലിറങ്ങാറില്ല. എന്നാല്‍ ആഗോളതാപനം മൂലം മഞ്ഞുരുകിയതോടെ ഇവയുടെ ആവാസ വ്യവസ്ഥ ചുരുങ്ങുകയും ഭക്ഷ്യക്ഷാമം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന പട്ടിണിയിലായ ധ്രുവക്കരടികള്‍ ഭക്ഷണത്തിനായാണ് കൂട്ടമായി നാട്ടിലിറങ്ങിയത്. 1983വരെ പ്രദേശത്ത് ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Tags:    

Similar News