ബന്ദിപ്പൂരിലും വയനാട്ടിലും അഞ്ചുദിവസത്തിനിടെ കത്തിയമര്‍ന്നത് അപൂര്‍വ്വ വനസമ്പത്ത്

Update: 2019-02-25 11:52 GMT

കല്‍പറ്റ: കഴിഞ്ഞ അഞ്ചുദിവസത്തിനിടെ ബന്ദിപ്പൂര്‍, വയനാട് വനം,വന്യജീവി സങ്കേതത്തില്‍ കാട്ടു തീയില്‍ ചാരമായത് നൂറ്റാണ്ടുകളായി ആര്‍ജ്ജിച്ച അപൂര്‍വ്വ വനസമ്പത്ത്. ഏഷ്യയിലെ തന്നെ ഏറ്റവും പ്രാധാന ജൈവ വൈവിധ്യസങ്കേതവും ദേശീയ വനോദ്യാനവുമായ നാഗര്‍ഹോളയിലടക്കം എല്ലാം കാട്ടുതീ വിഴുങ്ങി. കേരള അതിര്‍ത്തിയോടു ചേര്‍ന്ന നാഗര്‍ഹോള രാജീവ് ഗാന്ധി നാഷനല്‍ പാര്‍ക്കിന്റെ ഉള്‍ഭാഗത്തെ നിബിഡ വനമേഖലകള്‍ കാട്ടുതീയില്‍ മൊട്ടക്കുന്നുകളായി മാറിയെന്നാണ് സൂചനകള്‍. ദക്ഷിണേന്ത്യയിലെ ഏറ്റലും വലിയ വന്യജീവി ആവാസ കേന്ദ്രമായ നാഗര്‍ഹോളയില്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സംഭവിച്ചിരിക്കാനിടയുള്ള ദുരന്തത്തിന്റെ വിവരങ്ങള്‍ പുറത്തു വരാനിരിക്കുന്നേയുള്ളൂ.

നാഗര്‍ഹോളയിലും ബന്ദിപ്പൂരിലും വയനാട്ടിലും നൂറ്റാണ്ടുകള്‍കൊണ്ട് രൂപപ്പെട്ട ജൈവ സമ്പത്ത് കാട്ടു തീയില്‍ ചാരമായെന്നാണ് പ്രകൃതി സ്‌നേഹികള്‍ ആശങ്കപ്പെടുന്നത്. പശ്ചിമഘട്ടത്തിലെ കാലാവസ്ഥാ സന്തുലനം നിര്‍വഹിച്ചിരുന്ന വനസമ്പത്തും മഴക്കാടുകളും ഇത്തവണത്തെ കാട്ടുതീയില്‍ അമര്‍ന്നതായാണ് അന്വേഷണങ്ങളില്‍ പുറത്തുവരുന്നത്. സാധാരണ കാട്ടുതീ എത്താത്ത വനാന്തര്‍ ഭാഗങ്ങളും നിബിഡ വനങ്ങളിലും ഇത്തവണ കാട്ടുതീ പടര്‍ന്നു. ബന്ദിപ്പൂരിലും വയനാട്ടിലും മാത്രം 4,000 ഹെക്ടറിലധികം വനം കത്തിനശിച്ചു. വന്യ ജീവികള്‍ ഏറെ ആശ്രയിക്കുന്ന മുളങ്കാടുകളും ചാമ്പലായത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.

ഇക്കഴിഞ്ഞ 20നു രാത്രിയോടെയാണ് ബന്ദിപ്പൂര്‍, വയനാട് വനമേഖലകളില്‍ കാട്ടുതീ അധികൃതരുടെ ശ്രദ്ധയിലെത്തിയത്. ഞായറാഴ്ച ഉച്ചയോടെ ചെതലയം പുല്ലുമലയില്‍ ആദ്യം ഒരു ഏക്കര്‍ വനം കത്തി. വനമാഫിയയുടേയോ സാമൂഹികവിരുദ്ധരുടെയോ നീക്കങ്ങളാണ് കാട്ടുതീക്കു പിന്നിലെന്ന സൂചനകള്‍ പുറത്തുവന്നത് വയനാട്ടില്‍ നിന്നാണ്. വടക്കനാട് വനത്തില്‍ കാടിനു തീയിടാന്‍ ആനപ്പിണ്ടം ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരത്തില്‍ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വനം തീയിടുന്നതിനെതിരേ കര്‍ശന നിയമങ്ങള്‍ നിലവിലുണ്ട്. എന്നാല്‍, കുറ്റവാളികളെ കണ്ടെത്തുന്നതിലും വനം സംരക്ഷിക്കുന്നതിലും വനം, പോലിസ് വിഭാഗങ്ങള്‍ തുടരുന്ന ഗുരുതരമായ അനാസ്ഥ കാട്ടുതീ ദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. വന്യജീവി സംരക്ഷണ നിയമം, കേരള വന നിയമം, ജൈവവൈവിധ്യ സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ കടലാസിലുറങ്ങുന്നു. അനുവാദമില്ലാതെ വനത്തില്‍ പ്രവേശിക്കുന്നതുപോലും നിയമവിരുദ്ധമാണ്. കാടിനു തീയിടുന്നതു മൂന്നുവര്‍ഷം മുതല്‍ ഏഴുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം നിയമങ്ങള്‍ വനം മാഫിയക്കു മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുകയാണെന്നാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍ ബാദുഷയും സെക്രട്ടറി തോമസ് അമ്പലവയലും പറയുന്നത്.

ബന്ദിപ്പുര്‍ വനത്തില്‍ കഴിഞ്ഞ മൂന്നുദിവസങ്ങള്‍ക്കിടെ 2,500 ഹെക്ടറിലധികം വനം കത്തിയതായാണ് വനം, വന്യജീവി വകുപ്പിന്റെ കണക്ക്. ബന്ദിപ്പൂര്‍ വനത്തിലെ കുണ്ടക്കര റേഞ്ചിലായിരുന്നു കാട്ടുതീക്കു തുടക്കം. ഈ റേഞ്ചില്‍ മാത്രം 600 ഏക്കര്‍ വനം കത്തിയമര്‍ന്നു. തീ പിന്നീട് ഗോപാല്‍ സ്വാമിപേട്ട വനത്തിലേക്കു പടര്‍ന്നു. ദക്ഷിണേന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ബന്ദിപ്പൂര്‍ സഫാരി കാമ്പസ് ടിക്കറ്റ് കൗണ്ടറിനു സമീപം വരെ തീയെത്തി.

രാജ്യത്തെ ആറു സംസ്ഥാനങ്ങളിലെ 188 താലൂക്കുകളിലായി 1,64,280 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടത്തില്‍ ഏറ്റവും പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയാണ് വയനാടും ബന്ദിപ്പൂരും. ലോകത്തിലെ തന്നെ 35 സുപ്രധാന ജൈവവൈവിധ്യങ്ങള്‍ വയനാട് ബന്ദിപ്പൂര്‍ മേഖലയിലുള്‍പ്പെടുന്നുവെന്നാണ് പഠനങ്ങള്‍. രാജ്യത്തെ ആകെ പുഷ്പിക്കുന്ന ചെടികളില്‍ 4,000 ത്തോളം ഇനങ്ങള്‍, 645തരം നിത്യഹരിതപുഷ്പങ്ങള്‍, 682ഇനം പായലുകള്‍, 280 ഇനം വര്‍ണലതകള്‍ എന്നിവയൊക്കെ ഉള്‍ക്കൊള്ളുന്നതാണ് പശ്ചിമഘട്ടം. 350 തരം ഉറുമ്പുകള്‍, 1000ത്തില്‍ പരം പ്രാണികള്‍, 320 തരം ചിത്രശലഭ ങ്ങള്‍, 174 തരം തുമ്പികള്‍, 269 തരം ഒച്ചുകള്‍, 288 തരം മല്‍സ്യങ്ങള്‍, 500ലേറെ പക്ഷി ഇനങ്ങള്‍, 120 തരം സസ്തനികള്‍ എന്നിവയും ഈ മേഖലയിലുണ്ട്.

എന്നാല്‍, കേരള-കര്‍ണ്ണാടക വനംവകുപ്പ് അധികൃതര്‍ കാട്ടുകൊള്ളക്കാര്‍ക്കും വനം കൈയ്യേറ്റ മാഫിയക്കും ഓശാന പാടി പശ്ചിമഘട്ടത്തിലെ ഹൃദയ ഭാഗം വെളുപ്പിക്കുകയാണെന്നാണ് പ്രകൃതി സ്‌നേഹികളും ആക്ടിവിസ്റ്റുകളും പറയുന്നത്. മാവോവാദി വേട്ടയുടെ മറവില്‍ വനം കത്തിക്കാന്‍ പോലിസ് കൂട്ടു നില്‍കുന്നതായും ചിലര്‍ ആരോപിക്കുന്നു.


പി സി അബ്ദുല്ല

Tags: