ഐ ഗ്രൂപ്പിന്റെ രഹസ്യയോഗം: നേരിട്ട് അന്വേഷിക്കാന്‍ മുല്ലപ്പള്ളി ഇന്ന് കോഴിക്കോട്ട്

ചെന്നിത്തലയുടെ അറിവോടെയാണ് രഹസ്യയോഗം വിളിച്ചതെന്നാണു സൂചന

Update: 2019-03-23 01:04 GMT

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഉറച്ച സീറ്റുകളിലൊന്നായ വയനാട് ടി സിദ്ദീഖിന് നല്‍കിയതില്‍ പ്രതിഷേധിച്ച് ഐ ഗ്രൂപ്പ് നേതാക്കള്‍ കോഴിക്കോട്ട് നടത്തിയ രഹസ്യയോഗം സംബന്ധിച്ച് അന്വേഷിക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നെത്തും. രാവിലെ 10ഓടെ കോഴിക്കോട് ഡിസിസി ഓഫിസിലെത്തുന്ന അദ്ദേഹം ജില്ലാ നേതാക്കളില്‍ നിന്ന് വിശദീകരണം തേടും. അച്ചടക്കലംഘനം തെളിയുകയാണെങ്കില്‍ കടുത്ത നടപടിയെടുക്കുമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. തിരഞ്ഞെടുപ്പ് കാലമാണെന്നു കരുതി നടപടി വൈകരുതെന്നാണ് പല നേതാക്കളുടെയും വികാരം. നിര്‍ണായകമായ തിരഞ്ഞെടുപ്പ് സമയം നടത്തിയ രഹസ്യ യോഗത്തെ കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മുല്ലപ്പള്ളി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നേരിട്ടെത്തി അന്വേഷണം നടത്തുക.

    അതിനിടെ, യോഗത്തിന് നേതൃത്വം നല്‍കിയെന്നു പറയപ്പെടുന്ന കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ മുല്ലപ്പള്ളിക്ക് രാമചന്ദ്രന് കത്തയച്ചു. വയനാട് സീറ്റ് നഷ്ടപ്പെട്ടതിലുള്ള അതൃപ്തി അറിയിച്ചതോടൊപ്പം കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ടുകൊണ്ടുള്ളതുമാണ് കത്തെന്നാണു സൂചന. ഈ ആവശ്യം ഉന്നയിച്ച് തന്നെയാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ കഴിഞ്ഞ ദിവസം രഹസ്യ യോഗം ചേര്‍ന്നത്. യോഗത്തിന്റെ ചിത്രങ്ങളും വീഡിയോയും മാധ്യമങ്ങളില്‍ വന്നിരുന്നു. വടകരയില്‍ നിര്‍ണായക പോരാട്ടം നടക്കുന്നതിനിടെ, തൊട്ടടുത്ത് തന്നെ ഗ്രൂപ്പ് യോഗം ചേര്‍ന്നത് കെപിസിസി നേതൃത്വത്തെയും പാര്‍ട്ടി അണികളെയും നിരാശരാക്കിയിട്ടുണ്ട്. യുഡിഎഫിലെ മറ്റു ഘടകക്ഷികളും ഇക്കാര്യത്തില്‍ അസംതൃപ്തരാണ്. ഗ്രൂപ്പ് യോഗത്തിനെതിരേ കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരനും രംഗത്തു വന്നിരുന്നു. ചെന്നിത്തലയുടെ അറിവോടെയാണ് രഹസ്യയോഗം വിളിച്ചതെന്നാണു സൂചന. ഗ്രൂപ്പ് യോഗത്തിനെതിരേ നിലപാട് കടുപ്പിച്ചതോടെ മുല്ലപ്പള്ളിയെ അനുനയിപ്പിക്കാന്‍ രമേശ് ചെന്നിത്തല ശ്രമം നടത്തിയതായും വിവരമുണ്ട്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും കടുത്ത നടപടി സ്വീകരിക്കുന്നത് മറ്റു മണ്ഡലങ്ങളിലും അനുകൂല സാഹചര്യം നഷ്ടപ്പെടാന്‍ കാരണമാവുമെന്നും ചെന്നിത്തല മുല്ലപ്പള്ളിയെ ധരിപ്പിച്ചതായാണു റിപോര്‍ട്ട്.




Tags:    

Similar News