അമിത് ഷാ, ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ എന്നിവർക്കെതിരേ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ തുടർ നടപടിക്ക് നിർദേശം നൽകി.

Update: 2019-04-17 13:58 GMT

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടലംഘനം നടത്തിയ സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കുമെതിരെ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ.  ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ആറ്റിങ്ങല്ലിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍, കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ എന്നിവര്‍ക്കെതിരായ പരാതികളില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തുടര്‍നടപടികള്‍ ആരംഭിച്ചു.

ശോഭാ സുരേന്ദ്രന്റെ പരാമർശം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി

ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർത്ഥിയായ ശോഭാ സുരേന്ദ്രൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ പ്രസംഗിച്ചതു സംബന്ധിച്ച് ഡിജിപിയോടും ജില്ലാ കലക്ടറോടും റിപ്പോർട്ട് തേടി. ഈ പ്രസംഗവും വീഡിയോയും ഏപ്രിൽ 16ന് തിരുവനന്തപുരം ബിജെപിയുടെ ഫേസ്ബുക്ക് പേജിൽ നൽകിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകണമെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടിരിക്കുന്നത്.

ശ്രീമതിക്കെതിരായ വീഡിയോ: നടപടിയെടുക്കാൻ നിർദ്ദേശം

കണ്ണൂരിലെ എൽഡിഎഫ്  സ്ഥാനാർഥിയായ പി കെ ശ്രീമതിക്കെതിരായ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന നിഗമനത്തെ തുടർന്ന് നിയമാനുസൃത നടപടി സ്വീകരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റുമായ കെ സുധാകരനാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വീഡിയോ പുറത്തിറക്കിയത്. 

അമിത്ഷാക്കെതിരായ പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു

ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാക്കെതിരെ മുസ്‌ലീം ലീഗ് നൽകിയ പരാതി ഉചിതമായ നടപടികൾക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു. മുസ്ലീം ലീഗിനെതിരായ ഷായുടെ മോശം പരാമർശത്തെ തുടർന്നാണ് പരാതി നൽകിയത്.

Tags:    

Similar News