പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: ജലീല്‍ കരമന

Update: 2023-05-27 05:20 GMT

നെയ്യാറ്റിന്‍കര: 'പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം, ജനവഞ്ചനയുടെ രണ്ടുവര്‍ഷം' എന്ന പ്രമേയത്തില്‍ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി നെയ്യാറ്റിന്‍കര മണ്ഡലം കമ്മിറ്റി വഴിമുക്ക് ജങ്ഷനില്‍ വിചാരണ സദസ്സ് സംഘടിപ്പിച്ചു. എസ്ഡിപി ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എം എ ജലീല്‍ കരമന ഉദ്ഘാടനം ചെയ്തു. എല്ലാ മേഖലയിലും പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ജലീല്‍ കരമന പറഞ്ഞു ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത വിധം നികുതിഭാരം വര്‍ധിപ്പിച്ചു, തൊട്ടതിനും പിടിച്ചതിനും പൊള്ളുന്ന വിലക്കയറ്റമാണ്. ഇതിനിടയിലും സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും മുറപോലെ നടക്കുമ്പോള്‍ പ്രതിപക്ഷത്തിന് പോലും കാര്യമായ പ്രതിഷേധങ്ങള്‍ നടത്താന്‍ ശേഷിയില്ലാത്ത അവസ്ഥയിലാണ്. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിലൂടെ കേരളത്തെ നാണം കെടുത്തിയ പിണറായി സര്‍ക്കാര്‍ നികുതി വര്‍ധനവിലൂടെ ജനങ്ങളെ പിഴിയുകയാണ്. ജീവനക്കാര്‍ക്ക് ശമ്പളവും, പെന്‍ഷനും നല്‍കാനാവാത്ത വിധം കെഎസ്ആര്‍ടിസിയെ നശിപ്പിക്കുകയാണ്. റോഡുകളും പാലങ്ങളും ഉദ്ഘാടനത്തിന് മുമ്പേ തകരുകയാണ്. ഇടത് സര്‍ക്കാര്‍ കമ്മീഷന്‍ സര്‍ക്കാരായി മാറി. സര്‍ക്കാര്‍ ജോലികളിലെ പിന്‍വാതില്‍ നിയമനങ്ങള്‍ യുവത്വത്തെ നിരാശരാക്കുകയാണ്. പ്രവാസി പദ്ധതികള്‍ നടപ്പാക്കാതെ പ്രഖ്യാപനങ്ങളില്‍ ഒതുക്കി. സ്ത്രീ സുരക്ഷയെന്നത് പൊള്ളയായ വാഗ്ദാനങ്ങളായി മാറി. ദിനംപ്രതി സ്ത്രീപീഢനങ്ങള്‍ നടക്കുന്ന നാടായി കേരളം മാറിയെന്നും ജലീല്‍ കരമന കുറ്റപ്പെടുത്തി. എസ്ഡിപിഐ നെയ്യാറ്റിന്‍കര മണ്ഡലം പ്രസിഡന്റ് വഴിമുക്ക് നൂറുല്‍ അമീന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ഖജാഞ്ചി അഷ്‌കര്‍ അലി, ജില്ലാ കമ്മിറ്റി അംഗം സുനീര്‍ പച്ചിക്കോട് സംസാരിച്ചു.

Tags: