എ എം ആരിഫിനെതിരേ വർഗീയ പ്രചരണം നടത്തുന്നതായി പരാതി

സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിനെതിരെയാണ് എൽഡിഎഫ് പരാതി നല്‍കിയത്. ആരിഫിനെ എംഎല്‍എയായും ഷാനിമോള്‍ ഉസ്മാനെ എംപിയായും വേണമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നതായും പരാതിയിലുണ്ട്.

Update: 2019-04-20 06:31 GMT

ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ഥി എ എം ആരിഫിനെതിരെ വര്‍ഗീയ പ്രചരണം നടത്തുന്നതായി ആരോപണം. ഇതേത്തുടർന്ന് എൽഡിഎഫ് പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിനെതിരെയാണ് പരാതി നല്‍കിയത്. ആരിഫിനെ എംഎല്‍എയായും ഷാനിമോള്‍ ഉസ്മാനെ എംപിയായും വേണമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നതായും  പരാതിയിലുണ്ട്. 

എ എം ആരിഫും യുഡിഎഫ് സ്ഥാനാർഥി ഷാനിമോള്‍ ഉസ്മാനും ഒരേ സമുദായത്തില്‍പ്പെട്ടതിനാല്‍ വര്‍ഗ്ഗീയ പ്രചരണം ശക്തമായെന്നാണ് ആരോപണം. ആരിഫ് തോറ്റാല്‍ ആലപ്പുഴയ്ക്കും അരൂരിനും അത് ഗുണമാകുമെന്ന രീതിയിലാണ് പ്രചരണമെന്നും എല്‍ഡിഎഫ് ചൂണ്ടിക്കാട്ടി. തങ്ങളെ പിന്തുണക്കുന്ന വിവിധ മതത്തിലെ വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണ് യുഡിഎഫ് ചെയ്യുന്നതെന്നും എൽഡിഎഫ് ആരോപിക്കുന്നു. 

എന്നാൽ, ഷാനിമോൾ വിജയം ഉറപ്പിച്ചതിനാലാണ് എല്‍ഡിഎഫിന്‍റെ ഈ ആരോപണമെന്നാണ് യുഡിഎഫ് പറയുന്നത്. തങ്ങളാരും വര്‍ഗീയ പ്രചരണം നടത്തുന്നില്ല. തോൽക്കുമെന്ന ഭയത്താലാണ്  എൽഡിഎഫ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് യുഡിഎഫ് പറയുന്നു.

Tags:    

Similar News