റീപോളിങ് നീതിപൂര്‍വമാവണമെന്ന് സിപിഎം

കള്ളവോട്ടിനായി മൊബൈല്‍ സ്‌ക്വാഡ് വരെ തയ്യാറാക്കി നിഷ്പക്ഷ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ പ്രബുദ്ധരായ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം ഉപയോഗിക്കണം

Update: 2019-05-16 18:54 GMT
കണ്ണൂര്‍: കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളിലായി ജില്ലയില്‍ റിപോളിങ് നടക്കുന്ന നാലു ബൂത്തുകളിലും എല്‍ഡിഎഫ് വിജയം ഉറപ്പുവരുത്താനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവാന്‍ മുന്നണി പ്രവര്‍ത്തകരോടും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യാന്‍ മുഴുവന്‍ വോട്ടര്‍മാരോടും സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. വ്യക്തമായ രാഷ്ട്രീയ നിലപാട് അവതരിപ്പിച്ചുകൊണ്ടാണ് ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ അഭിമുഖീകരിച്ചത്. ജനങ്ങളെ ഭിന്നിപ്പിക്കുകയും അനേകം ദ്രോഹനടപടികളിലൂടെ കഷ്ടപ്പെടുത്തുകയും ചെയ്ത ബിജെപി സര്‍ക്കാരിനെ താഴെയിറക്കി ഇടതുപക്ഷത്തിന് സ്വാധീനമുള്ള ഒരു മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. വിദേശങ്ങളില്‍നിന്നു വരെ ആളുകളെ ഇറക്കി യുഡിഎഫ് സംഘടിതമായി കള്ളവോട്ട് ചെയ്തതാണ് റിപോളിങിലേക്കു നയിച്ചത്. ഒരാള്‍ തന്നെ അഞ്ചുവോട്ട് വരെ ചെയ്ത അനുഭവം യുഡിഎഫ് കേന്ദ്രങ്ങളിലുണ്ട്. കള്ളവോട്ട് ചെയ്തതായി 12 യുഡിഎഫുകാര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. കള്ളവോട്ടിനായി മൊബൈല്‍ സ്‌ക്വാഡ് വരെ തയ്യാറാക്കി നിഷ്പക്ഷ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ പ്രബുദ്ധരായ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം ഉപയോഗിക്കണം. റീപോളിങ് നീതിപൂര്‍വമാക്കാനും കള്ളവോട്ട് തടയാനും അധികൃതര്‍ ജാഗ്രത പുലര്‍ത്തണം. മുഖംമറച്ച് വരുന്നവരെയടക്കം ഏജന്റുമാര്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കും തിരിച്ചറിയാന്‍ സംവിധാനമുണ്ടാവണമെന്നും എം വി ജയരാജന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.



Tags:    

Similar News