രാജ്യത്ത് മതേതര സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാന്‍ ജനങ്ങള്‍ സജ്ജരായിക്കഴിഞ്ഞു: രമേശ് ചെന്നിത്തല

പച്ചയായ വര്‍ഗീയത പ്രചരിപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമം അവര്‍ക്ക് തന്നെ തിരിച്ചടിയായിട്ടുണ്ട്. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെ വര്‍ഗീയതയില്‍ തളച്ചിടാന്‍ കഴിയില്ലെന്ന് ഇന്ന് നടക്കുന്ന വോട്ടെടുപ്പ് തെളിയിക്കും.

Update: 2019-04-22 20:08 GMT

തിരുവനന്തപുരം: രാജ്യത്ത് ഒരു മതേതര സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കുക എന്ന ചരിത്രപരമായ കടമ നിറവേറ്റാന്‍ സംസ്ഥാനത്തെ വോട്ടര്‍മാര്‍ സജ്ജരായിരിക്കുകായാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയത്തിനെതിരെയും ഈ തിരഞ്ഞെടുപ്പില്‍ വിധിയെഴുതും.

ഈ തിരഞ്ഞെടുപ്പന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ കേരള ജനത യുഡിഎഫിന് ചരിത്ര വിജയം നല്‍കുമെന്ന് ഉറപ്പായിക്കഴിഞ്ഞിരിക്കുകയാണ്. രാജ്യത്ത് ഒരു മതേതര സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനും അതിന് നേതൃത്വം നല്‍കുന്ന രാഹുല്‍ ഗാന്ധിക്കും മാത്രമേ കഴിയുകയുള്ളൂ എന്ന് ജനങ്ങള്‍ക്ക് ബോദ്ധ്യമായി കഴിഞ്ഞിട്ടുണ്ട്. ഇതില്‍ ഇടതു പക്ഷത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല. 543 സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ താഴെ മാത്രം മത്സരിക്കുന്ന ഇടതു പക്ഷത്തിന് ദേശീയ തലത്തില്‍ എന്തു ചെയ്യാനാണ് കഴിയുക? ഇടതു പക്ഷം തീരെ അപ്രസക്തമായ തിരഞ്ഞെടുപ്പാണിത്. അതിനാല്‍ ഇടതു പക്ഷത്തിന് ചെയ്യുന്ന വോട്ട് പാഴാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു വര്‍ഷം ബിജെപിയും ആര്‍എസ്എസും നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന ശിലകളായ മതേതരത്വത്തെയും മതനിരപേക്ഷതയെയും അട്ടിമറിക്കുയും വര്‍ഗീയത ആളിക്കത്തിക്കുകയുമാണ് ചെയ്തത്. ജനാധിപത്യത്തെ അട്ടിമറിക്കുകയും രാജ്യത്തിന്റെ വികസനത്തെ പുറകോട്ടടിക്കുകയും ചെയ്തു. ദരിദ്രരെ കൊള്ളയടിക്കുകയും നാടിന്റെ പണം ഒരു പിടി സമ്പന്നര്‍ക്ക് സമ്മാനിക്കുകയുമാണ് ചെയ്തത്. രാജ്യത്തിന്റെ പ്രധാന മന്ത്രി ആര്‍എസ്എസ് കാര്യവാഹകിനെപ്പോലെയാണ് പ്രവര്‍ത്തിച്ചത്. ഈ അവസ്ഥയില്‍ നിന്ന് രാഷ്ട്രത്തെ മോചിപ്പിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് ജനങ്ങള്‍.

സംസ്ഥാനത്ത് പരാജയം ഉറപ്പായ ഇടതു മുന്നണിയും ബിജെപിയും ആര്‍എസ്എസും കള്ളപ്രചാരണങ്ങളും അതിക്രമങ്ങളും നടത്തി വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ നോക്കുകയാണ്. പച്ചയായ വര്‍ഗീയത പ്രചരിപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമം അവര്‍ക്ക് തന്നെ തിരിച്ചടിയായിട്ടുണ്ട്. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെ വര്‍ഗീയതയില്‍ തളച്ചിടാന്‍ കഴിയില്ലെന്ന് ഇന്ന് നടക്കുന്ന വോട്ടെടുപ്പ് തെളിയിക്കും. മറുഭാഗത്ത് സിപിഎമ്മും ഇടതു മുന്നണിയും ഭരണ യന്ത്രത്തെ നഗ്‌നമായി ദുരുപയോഗപ്പെടുത്തുകയും നുണപ്രചരണം നടത്തുകയും അക്രമം അഴിച്ചു വിടുകയും ചെയ്യുകയാണ്. രാജ്യം ആദരിക്കുന്ന എ.കെ.ആന്റണിയെ പ്രചാരണം നടത്താന്‍ പോലും അനുവദിക്കാതെ തടയുകയും ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ കല്ലെറിയുകയും ചെയ്തത് ഉള്‍പ്പടെ കഴിഞ്ഞ ദിവസം നടത്തിയ അക്രമങ്ങള്‍ ജനങ്ങളില്‍ ഭയപ്പാട് സൃഷ്ടിച്ച് അവരെ വോട്ടടെുപ്പില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് വേണ്ടിയാണ്. വോട്ടെടുപ്പിന്റെ തലേ ദിവസം കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവനെതിരെ ധൃതി പിടിച്ച് കേസെടുത്തത് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് മാത്രം ലക്ഷ്യം വച്ചുള്ളതാണ്. ഇടതു മുന്നണിയുടെയും ബി.ജെ.പിയുടെയും പ്രകോപനങ്ങളില്‍ വീഴാതെ സംയമനത്തോടെ ചിട്ടയായ പ്രവര്‍ത്തനങ്ങനങ്ങളില്‍ മുഴുകാന്‍ രമേശ് ചെന്നിത്തല യു.ഡി.എഫ് പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു.

Tags:    

Similar News