ജിന്ന ആദ്യ പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ ഇന്ത്യപാക് വിഭജനം നടക്കില്ലായിരുന്നു: ബിജെപി സ്ഥാനാര്‍ഥി

മുഹമ്മദ് അലി ജിന്ന അഭിഭാഷകനും വ്യക്തമായ ധാരണയുള്ള വ്യക്തിയും ആയിരുന്നു' എന്നായിരുന്നു ഗുമാന്‍ സിങ് ദാമോറിന്റെ പരാമര്‍ശം

Update: 2019-05-12 06:39 GMT

ഭോപ്പാല്‍: മുഹമ്മദ് അലി ജിന്ന ആദ്യ പ്രധാനമന്ത്രി ആയിരുന്നുവെങ്കില്‍ ഇന്ത്യ-പാക് വിഭജനം ഉണ്ടാവില്ലായിരുന്നുവെന്ന് ബിജെപി സ്ഥാനാര്‍ഥി. മധ്യപ്രദേശിലെ രത്ത്‌ലം ജബുവ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ ഗുമാന്‍ സിങ് ദാമോര്‍ ആണ് തിരഞ്ഞെടുപ്പ് യോഗത്തിനിടെവിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. വിഭജനത്തിന്റെ ഏക ഉത്തരവാദി കോണ്‍ഗ്രസ്സാണെന്നും ദാമോര്‍ കുറ്റപ്പെടുത്തി. രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാവാന്‍ ജവഹര്‍ലാല്‍ നെഹ്‌റു പിടിവാശി കാണിക്കാതിരുന്നുവെങ്കില്‍, മുഹമ്മദ് അലി ജിന്നയെ അതിന് അനുവദിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഇന്ത്യ-പാക് വിഭജനം ഉണ്ടാവില്ലായിരുന്നു. മുഹമ്മദ് അലി ജിന്ന അഭിഭാഷകനും വ്യക്തമായ ധാരണയുള്ള വ്യക്തിയും ആയിരുന്നു' എന്നായിരുന്നു ഗുമാന്‍ സിങ് ദാമോറിന്റെ പരാമര്‍ശം. പുല്‍വാമ ആക്രമണത്തിന് പിന്നാലെ വിവാദ പരാമര്‍ശം ഗുമാന്‍ സിങ് നടത്തിയിരുന്നു. കശ്മീരില്‍ പ്രശ്‌നബാധിതമായ നാല് ജില്ലകള്‍ മാത്രമാണുള്ളത്, അവയെ കൂട്ടിച്ചേര്‍ത്ത് മറ്റൊരു സംസ്ഥാനം രൂപീകരിച്ചാല്‍ കശ്മീര്‍ പ്രശ്‌നം തീരുമെന്നായിരുന്നു അന്ന് പറഞ്ഞത്.

    അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട പോളിങ് ഇന്ന് നടക്കുകയാണ്. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളാണ് ആറാംഘട്ടത്തില്‍ പോളിങ് ബൂത്തില്‍ എത്തുന്നത്. 59 മണ്ഡലങ്ങളില്‍ 979 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളില്‍ 45 സീറ്റുകളിലും 2014ല്‍ ബിജെപിക്കായിരുന്നു വിജയം. ജാര്‍ഖണ്ഡില്‍ നാലും, ബംഗാളിലും എട്ടും, ഹരിയാനയില്‍ പത്തും, ഉത്തര്‍പ്രദേശില്‍ പതിന്നാലും, ദില്ലിയില്‍ ഏഴും മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

Tags:    

Similar News