ഹാരിസണ്‍ ഭൂമി കേസ്: ചെങ്ങറയിലെ 3000ഓളം പേര്‍ക്ക് വോട്ടവകാശം നിഷേധിച്ചു

ഓരോ വോട്ടും വിലപ്പെട്ടതാണെന്നും വോട്ടവകാശം വിനിയോഗിക്കാതിരിക്കരുതെന്നും കാണിച്ച് പരസ്യങ്ങള്‍ക്കായി സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ലക്ഷങ്ങള്‍ മുടക്കുമ്പോഴാണ് ഈ ദുരവസ്ഥ

Update: 2019-04-15 04:54 GMT

പത്തനംതിട്ട: ഹാരിസണുമായുള്ള ഭൂമികേസ് ചൂണ്ടിക്കാട്ടി ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്ന 3000ത്തോളം പേര്‍ക്ക് വോട്ട് നിഷേധിക്കുന്നു. വോട്ടവകാശത്തിനായി അപേക്ഷ നല്‍കിയെങ്കിലും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അധികൃതര്‍ തയാറായില്ലെന്നാണ് ആരോപണം. ഓരോ വോട്ടും വിലപ്പെട്ടതാണെന്നും വോട്ടവകാശം വിനിയോഗിക്കാതിരിക്കരുതെന്നും കാണിച്ച് പരസ്യങ്ങള്‍ക്കായി സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ലക്ഷങ്ങള്‍ മുടക്കുമ്പോഴാണ് ഈ ദുരവസ്ഥ. 625ഓളം കുടുംബങ്ങളിലായി 3000ത്തോളം വോട്ടര്‍മാര്‍ക്കാണ് ഇത്തരത്തില്‍ സമ്മതിദാനാവകാശം നിഷേധിക്കപ്പെടുന്നത്. കഴിഞ്ഞ 12 വര്‍ഷമായി വോട്ടവകാശമില്ലാത്ത ഇവര്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി വോട്ടര്‍പട്ടികയില്‍ പേരുള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും ഇവര്‍ താമസിക്കുന്ന ഭൂമി ഹാരിസണുമായി കേസില്‍ കിടക്കുന്നതായതിനാല്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. ഇവര്‍ക്ക് താല്‍ക്കാലിക വീട്ടു നമ്പരും റേഷന്‍ കാര്‍ഡും നല്‍കാന്‍ ഉത്തരവുണ്ടായെങ്കിലും നിയമപ്രശ്‌നം ചൂണ്ടിക്കാട്ടി അതും നല്‍കിയില്ല.

    2018 മെയ് 17ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയും റേഷന്‍ രേഖയും നല്‍കാന്‍ തീരുമാനിച്ചിരുന്നത്. ഇതിനുവേണ്ടി സര്‍വേ നടത്തുകയും ചെയ്തിരുന്നെങ്കിലും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനോ റേഷന്‍ കാര്‍ഡ് നല്‍കാനോ നടപടിയുണ്ടായില്ല. വോട്ടില്ലത്തതിനാല്‍ തന്നെ മുന്നണികളുടെ സ്ഥാനാര്‍ഥികളൊന്നും ഇവിടെയെത്താറില്ല. ദുരിതജീവിതം നയിക്കുന്ന ഇവര്‍ക്ക് വോട്ടവകാശം കൂടി നിഷേധിക്കുന്നതോടെ അവഗണനയുടെ മറ്റൊരു മുഖംകൂടിയാണ് തെളിയുന്നത്.


Tags:    

Similar News