സിപിഎം സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനിടെ വടിവാളുമായി പ്രവര്‍ത്തകര്‍(വീഡിയോ)

കടമ്പഴിപ്പുറം പഞ്ചയാത്തിലെ ഉമ്മനേഴിയിലാണ് സംഭവം

Update: 2019-04-06 05:00 GMT

Full View

പാലക്കാട്:
എല്‍ഡിഎഫ് പാലക്കാട് മണ്ഡലം സ്ഥാനാര്‍ഥി എം ബി രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വടിവാളുമായി സിപിഎം പ്രവര്‍ത്തകര്‍. പ്രചാരണ വാഹനങ്ങള്‍ കടന്നുപോവുന്നതിനിടെ അപകടത്തില്‍പെട്ട സിപിഎം പ്രവര്‍ത്തകരുടെ ബൈക്കില്‍ നിന്ന് വടിവാള്‍ റോഡിലേക്ക് വീഴുകയായിരുന്നു. കടമ്പഴിപ്പുറം പഞ്ചയാത്തിലെ ഉമ്മനേഴിയിലാണ് സംഭവം. പരിസരത്തുള്ള ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തിലെ അതിര്‍ക്കാട് നിന്നാരംഭിച്ച പ്രചാരണം വൈകീട്ടോടെ പുലാപ്പറ്റ ചെലേപാടത്തേക്ക് സ്വീകരണത്തിന് പോവുന്ന വഴിയിലാണ് അകമ്പടി പോയ സിപിഎം പ്രവര്‍ത്തകന്റെ ഇരുചക്രവാഹനം മറിഞ്ഞു വീഴുകയും വാഹനത്തില്‍ നിന്നു വടിവാള്‍ താഴെ വീഴുകയും ചെയ്തത്. ഇത് പരിസരത്തുള്ളവര്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ സിപിഎം പ്രവര്‍ത്തകര്‍ റോഡില്‍ വീണു കിടന്ന ആയുധത്തെ പുറകെ വന്ന വാഹനങ്ങളാല്‍ മറക്കുകയും ബൈക്കിലുള്ള മറ്റൊരാള്‍ വാളെടുത്ത് യാത്ര തുടരുകയുമാണ് ചെയ്യുന്നത്. പെരിയ ഇരട്ടക്കൊല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരേ കോണ്‍ഗ്രസ് അക്രമരഹിത കേരളത്തിന് ഒരു വോട്ട് എന്ന പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് വടിവാള്‍ വിവാദം.



Tags:    

Similar News