ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി വിദഗ്ദ്ധരുടെ സംസ്ഥാന സമ്മേളനത്തിന് തുടക്കം

സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ.എന്‍ പ്രതാപകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു

Update: 2022-09-03 13:42 GMT

കൊച്ചി: സങ്കീര്‍ണ ഹൃദ്രോഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ഹൃദ്രോഗ വിദഗ്ധരുടെ സംസ്ഥാന സംഘടനയായ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കൗണ്‍സില്‍ ഓഫ് കേരള (ഐ.സി.സി.കെ) സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ വാര്‍ഷിക ശാസ്ത്ര സമ്മേളനത്തിന് കോഴിക്കോട് തുടക്കം.സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ.എന്‍ പ്രതാപകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കൊവിഡും, നിയന്ത്രത കാലത്തെ ജീവിത ശൈലിയും ഹൃദയാഘാതം പക്ഷാഘാതം എന്നിവ വഴിയുള്ള മരണ നിരക്കിലും അവശതയിലും ഉണ്ടാക്കിയ വര്‍ധനവ് ഗൗരവമേറിയതാണെന്ന് അദ്ദേഹം പറഞ്ഞു.പൊതുവെ ഹൃദ്രോഗവും അതിലേക്ക് നയിക്കുന്ന രോഗാവസ്ഥകളും ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഹൃദ്രോഗത്തിനായി ഇന്റര്‍വെന്‍ഷണല്‍ ശാസ്ത്രക്രിയകള്‍ക്ക് വിധേയമാകുന്നവരില്‍ 30 ശതമാനം വര്‍ധനവാണ് പ്രതിവര്‍ഷം സംസ്ഥാനത്തുള്ളത്.കീഹോള്‍ ആക്‌സസ് രീതികള്‍ വഴി ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പുനസ്ഥാപിക്കുന്ന കാത്തിറ്റര്‍ ചികില്‍സകള്‍ ഇന്ന് ഹൃദയാഘാതത്തിന്റെ ഏറ്റവും ഫലപ്രദമായ അടിസ്ഥാന ചികില്‍സാ രീതിയായി വികസിച്ചു കഴിഞ്ഞുവെന്ന് ഡോ.പ്രതാപകുമാര്‍ പറഞ്ഞു.

കീറിമുറിക്കല്‍ ഇല്ലാത കത്തീറ്റര്‍ സാങ്കേതികവിദ്യകള്‍ക്ക് അനന്ത സാധ്യകളാണ് ഇന്നുള്ളത്. ബ്ലോക്കുകള്‍ നീക്കം ചെയ്യുക, ഹൃദയ വാല്‍വുകളുടെ കേടുപാടുകള്‍ തീര്‍ക്കുക, വാല്‍വ് മാറ്റി വെക്കല്‍, ചോര്‍ച്ചകള്‍ പരിഹരിക്കല്‍, കൂടാതെ പെര്‍മനന്റ് പേസ്‌മേക്കര്‍ ഘടിപ്പിക്കാന്‍ എന്നിവ ഇതു വഴി സാധിക്കും. നിരവധി ജന്മനായുള്ള ഹൃദയ വൈകല്യങ്ങള്‍ പരിഹരിക്കാനും ഇന്റര്‍വെന്‍ഷണല്‍ ശാസ്ത്രക്രിയകള്‍ക്ക് കഴിയുമെന്നും ഡോ. പ്രതാപ്കുമാര്‍ പറഞ്ഞു.ആഞ്ജിയോ പ്ലാസ്റ്റി സൗകര്യമുള്ള ആശുപത്രികളുടെ സേവനം സംസ്ഥാനത്തെ ഭൂരിഭാഗം ജനങ്ങള്‍ക്കും അര മണിക്കൂര്‍ ദൂരത്തില്‍ ഇന്ന് ലഭ്യമാണെന്ന് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ഇ രാജീവ് പറഞ്ഞു.ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ.അശോകന്‍ പി കെ, ഐസിസികെ സെക്രട്ടറി ഡോ.രാമകൃഷ്ണ സിഡി, ഡോ.രാജേഷ് മുരളീധരന്‍ സംസാരിച്ചു.

സങ്കീര്‍ണ്ണവും വെല്ലുവിളി നിറഞ്ഞതുമായ ഹൃദ്രോഗങ്ങളില്‍ വിദഗ്ധരുടെ വിജയകരമായ നടപടിക്രമങ്ങള്‍ രണ്ട് ദിവസത്തെ സമ്മേളനം ചര്‍ച്ച ചെയ്യും. കൊറോണറി ഇന്റര്‍വെന്‍ഷന്‍ (പിസിഐ), ഹൃദയധമനി പൂര്‍ണമായി അടഞ്ഞുണ്ടാകുന്ന സങ്കീര്‍ണ ഹൃദ്രോഗങ്ങള്‍ (ക്രോണിക് ടോട്ടല്‍ ഒക്ലൂഷന്‍) എന്നിവയെക്കുറിച്ചുള്ള പ്രധാന ശാസ്ത്ര സെഷനുകള്‍ നടന്നു.ഹൃദയത്തെയും രക്തക്കുഴലുകളെയും ഉള്ളില്‍ നിന്ന് ചിത്രീകരിച്ച് ചികിത്സാ നടപടിക്രമങ്ങള്‍ മികച്ചതും സുഖകരവും സുരക്ഷിതവുമാക്കുന്ന ഇന്‍ട്രാവാസ്‌കുലര്‍ അള്‍ട്രാസൗണ്ട് (കഢഡട), ഒപ്റ്റിക്കല്‍ കോഹറന്‍സ് ടോമോഗ്രാഫി പോലുള്ള പുതിയ ഇമേജിംങ്ങ് സാങ്കേതിക വിദ്യകള്‍ എന്നിവ പ്രത്യേക സെഷനുകള്‍ ഒന്നാം ദിവസം നടന്നു. സ്‌റ്റെന്റിംഗ് രീതികള്‍, പെര്‍മനന്റ് പേസ്‌മേക്കര്‍ ഇംപ്ലാന്റേഷന്‍, കാഠിന്യമേറിയ കാല്‍സിഫൈഡ് ബ്ലോക്കുകള്‍ ഡ്രില്‍ ചെയ്ത് നീക്കുന്ന ശാസ്ത്രക്രിയകള്‍, സ്‌റ്റെമി മാനേജ്‌മെന്റ്, രക്തം കട്ടപിടിച്ചുണ്ടാകുന്ന പ്രശ്‌നങ്ങള്‍, കോറോണറി ബ്ലോക്കുകളുടെ കാഠിന്യം നിശ്ചയിക്കുന്ന ഫിസിയോളജി സാങ്കേതിക വിദ്യകള്‍ എന്നിവയെല്ലാം സമ്മേളനത്തില്‍ ചര്‍ച്ചാ വിഷയമാകും.സംസ്ഥാനത്തെ മുന്നൂറിലധികം ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി വിദഗ്ധരും അധ്യാപകരും ശാസ്ത്രജ്ഞരും ഗവേഷകരും സമ്മേളനത്തില്‍ പങ്കെടുക്കുന്നു.

Tags:    

Similar News