പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തികൊല്ലാന്‍ ശ്രമം; യുവാവ് ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ ഓള്‍ഡ് സീമാപൂരിലാണ് സംഭവം. 16 വയസ്സുള്ള പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം അയല്‍വാസിയായ 24കാരന്‍ വീട്ടിലെത്തി പാചകവാതക സിലിണ്ടര്‍ തുറന്നുവിട്ട് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇരുവരും മുന്‍പ് പരിചയക്കാരായിരുന്നുവെന്നും യുവാവിന്റെ പ്രണയാഭ്യര്‍ഥന പെണ്‍കുട്ടി നിരസിച്ചതാണ് ആക്രമണത്തിന് കാരണമായതെന്നും പോലിസ് പറഞ്ഞു.
പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചത്. കുത്തേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തിന് ശേഷം വീട്ടിലെത്തിയ യുവാവ് വാതില്‍ അടച്ച് എല്‍പിജി സിലിണ്ടര്‍ തുറന്നുവിട്ടതിനെ തുടര്‍ന്ന് ശക്തമായ സ്‌ഫോടനം ഉണ്ടായി.
സംഭവസ്ഥലത്തെത്തിയ പോലിസും അഗ്‌നിശമനസേനയും അടുക്കളയ്ക്ക് സമീപം കത്തിക്കരിഞ്ഞ നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായി പോലിസ് അറിയിച്ചു. പെണ്‍കുട്ടിയുടെ നില ഗുരുതരമായതിനാല്‍ ഇതുവരെ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.