കൊടുങ്ങല്ലൂരില്‍ യുവാവിന് ക്രൂരമര്‍ദ്ദനം; ജനനേന്ദ്രിയം മുറിച്ചു, കാഴ്ച്ച നഷ്ടപ്പെട്ടു
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ യുവാവിന് ക്രൂരമര്‍ദ്ദനം. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സുദര്‍ശനനാണ് മര്‍ദ്ദനമേറ്റത്. ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റ നിലയിലായിരുന്നു. ജനനേന്ദ്രിയം മുറിച്ചതായും കണ്ണിന് കാഴ്ച നഷ്ടമായതായും പരിശോധനയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരില്‍ നഗ്നനായി റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സുദര്‍ശനെ നാട്ടുകാര്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലിസ് ഇടപെട്ട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ സുദര്‍ശന്‍ ചികില്‍സയിലാണ്.
ആക്രമണത്തില്‍ ഒരു കണ്ണിന്റെ കാഴ്ച്ച പൂര്‍ണമായും നഷ്ടപ്പെട്ടിട്ടുണ്ട്. ജനനേന്ദ്രിയത്തില്‍ ഗുരുതരമായ അണുബാധ ഉണ്ടാകുന്നതിനാല്‍ ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇയാള്‍ ചേര്‍ത്തല മുനീര്‍ വധക്കേസിലെ പ്രതിയാണെന്ന് പോലിസ് സ്ഥിരീകരിച്ചു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കൊലപാതകമായിരുന്നു അതെന്നും, അതേ കേസിലെ പ്രതികളില്‍ സുദര്‍ശന്റെ സഹോദരനും ഉള്‍പ്പെട്ടിരുന്നുവെന്നും വ്യക്തമാക്കി.
സംഭവം പഴയ കേസിന്റെ പ്രതികാരമായിരിക്കാമെന്നാണ് ബന്ധുക്കളുടെ സംശയം. 'മനുഷ്യത്വം പോലും ഇല്ലാത്ത പീഡനമായിരുന്നു ഇത്. നാട്ടിലെ ചിലരെയാണ് ഞങ്ങള്‍ സംശയിക്കുന്നത്,' എന്ന് അനുജന്‍ മുരുകന്‍ പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.