ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ടു, ശേഷം ഉറക്കം; യുവാവ് പിടിയില്‍

Update: 2026-01-16 07:03 GMT

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ പത്രം വിരിച്ച് അതില്‍ കഞ്ചാവ് നിരത്തിയിട്ട് ഉണക്കാനിട്ട ശേഷം അതിനടുത്ത് തന്നെ കിടന്നുറങ്ങിയ യുവാവ് പോലിസ് പിടിയിലായി. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയെയാണ് വെള്ളയില്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ബീച്ചില്‍ കായിക വിനോദങ്ങള്‍ക്കായി എത്തിയവരാണ് മണല്‍പരപ്പില്‍ പായ വിരിച്ച് ഒരാള്‍ കിടന്നുറങ്ങുന്നത് കണ്ടത്. ഇയാള്‍ക്ക് സമീപം പത്രത്തില്‍ എന്തോ ഉണക്കാനിട്ടിരിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ അത് പരിശോധിച്ചപ്പോഴാണ് അത് കഞ്ചാവാണെന്ന് മനസ്സിലായത്.

തുടര്‍ന്ന് നാട്ടുകാര്‍ വിവരം പോലിസില്‍ അറിയിച്ചു. വെള്ളയില്‍ പോലിസ് സ്ഥലത്തെത്തി റാഫിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളില്‍ നിന്ന് 370 ഗ്രാം കഞ്ചാവ് പോലിസ് പിടിച്ചെടുത്തു. കര്‍ണാടകയില്‍ നിന്നും കഞ്ചാവ് എത്തിച്ച് കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പന നടത്തുന്നയാളാണ് റാഫിയെന്ന് പോലിസ് പറഞ്ഞു. ഇതിന് മുന്‍പും ഇയാള്‍ ഇത്തരത്തില്‍ കഞ്ചാവ് കടത്തിയിട്ടുള്ളതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. രാവിലെ പെട്രോളിംഗിനിടെയും നാട്ടുകാരുടെ ജാഗ്രതയുമാണ് പ്രതിയെ ഉടന്‍ പിടികൂടാന്‍ സഹായിച്ചത്.

ലഹരിക്കടത്തിനെതിരേ നഗരത്തില്‍ പരിശോധനകള്‍ ശക്തമാക്കുമെന്ന് പോലിസ് അറിയിച്ചു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്താലേ ഈ സംഘത്തില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന് വ്യക്തമാകൂവെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.

Tags: