യമന്‍ യുദ്ധം: ഇരകള്‍ക്ക് ചികില്‍സ ഒരുക്കി മെഡിയോര്‍ ആശുപത്രി; സുഖം പ്രാപിച്ച് മടങ്ങിയത് 600ല്‍ അധികം യമനികള്‍

മാസങ്ങളായി ചികിത്സ പൂര്‍ത്തിയാക്കി മടങ്ങിയതിന് പിന്നാലെ പ്രത്യേക വിമാനത്തില്‍ 28 പേരെ കഴിഞ്ഞ ദിവസം യമനില്‍ നിന്ന് എത്തിച്ചു. പരിക്കേറ്റവരും അകമ്പടിയെത്തിയവരും അടക്കം ആകെ 1054 പേരാണ് ഇതുവരെ ഇന്ത്യയില്‍ എത്തിയത്.

Update: 2019-07-23 12:00 GMT

ന്യൂഡല്‍ഹി: യമനില്‍ സൈന്യവും വിമത ഹൂഥികളും തമ്മിലുള്ള യുദ്ധത്തിനിടെ പരിക്കേറ്റ് മരണത്തെ മുഖാമുഖം കണ്ട അബ്ദുള്ള സാലേ ഹസ്സന്റെയും ഫാത്തിമ മുഹമ്മദ് അലി മുഹസിന്റെയും മുഖത്ത് ഇപ്പോള്‍ പുഞ്ചിരി തിരിച്ചുവന്നിരിക്കുന്നു.3,600 കിലോമീറ്റര്‍ അകലെയുള്ള സ്വദേശത്ത് ഇനിയും യുദ്ധം അവസാനിച്ചിട്ടില്ലെങ്കിലും മരണത്തെ മറികടന്ന ആശ്വാസത്തിലാണ് ഇവര്‍. അതിന് നന്ദി പറയുന്നത് യുഎഇ സര്‍ക്കാരിനോടും ഡല്‍ഹിയിലെ മെഡിയോര്‍ ആശുപത്രി അധികൃതരോടുമാണ്.

ഇത് ഹസ്സന്റെയും, ഫാത്തിമയുടെയും മാത്രം ജീവിതമല്ല. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഭേദപ്പെട്ട് പത്താമത്തെ സംഘവും കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് മടങ്ങിയതോടെ വിജയകരമായി ചികിത്സ പൂര്‍ത്തിയാക്കിയവരുടെ എണ്ണം 600 കടന്നു. സമീപകാലത്ത് രാജ്യം കണ്ട അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഏറ്റവും വലിയ സാന്ത്വന ദൗത്യമായി മാറുകയാണ് യെമനി പൗരന്മാര്‍ക്കുള്ള ചികിത്സ. അതിന് ഇന്ത്യയോടും മെഡിയോര്‍ ആശുപത്രിക്കും നന്ദി പറയുകയാണ് ദൗത്യത്തിന് ചുക്കാന്‍ പിടിക്കുന്ന യുഎഇയും.

ലോകത്തിലെ തന്നെ മികച്ച ആരോഗ്യ പരിചരണ രംഗമെന്ന മികവാണ് ഇന്ത്യയെ ദൗത്യത്തിനായി തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന പറഞ്ഞു. യെമനില്‍ തുടരുന്ന യുദ്ധത്തില്‍ പരിക്കേല്‍ക്കുന്ന പട്ടാളക്കാര്‍ക്കും ജനങ്ങള്‍ക്കും വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുന്നതിനായി യുഎഇ സര്‍ക്കാര്‍ ആരംഭിച്ച സഹായ പദ്ധതിയുടെ ഭാഗമായാണ് പൗരന്മാരും സൈനികരും ഇന്ത്യയില്‍ എത്തുന്നത്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിനു കീഴിലുള്ള ന്യൂഡല്‍ഹിയിലെ മെഡിയോര്‍ ആശുപത്രിയിലാണ് ചികിത്സ.

2017ല്‍ യുഎഇ വ്യോമസേനയുടെ സി17 വിമാനത്തിലായിരുന്നു 2017 ഏപ്രിലില്‍ ആദ്യ സംഘത്തിന്റെ വരവ്. പിന്നീട് പല സംഘങ്ങളായി സൈനികരെയും സാധാരണക്കാരെയും എത്തിച്ചു. മാസങ്ങളായി ചികിത്സ പൂര്‍ത്തിയാക്കി മടങ്ങിയതിന് പിന്നാലെ പ്രത്യേക വിമാനത്തില്‍ 28 പേരെ കഴിഞ്ഞ ദിവസം യമനില്‍ നിന്ന് എത്തിച്ചു. പരിക്കേറ്റവരും അകമ്പടിയെത്തിയവരും അടക്കം ആകെ 1054 പേരാണ് ഇതുവരെ ഇന്ത്യയില്‍ എത്തിയത്.

യമനില്‍ ദുരിതം അനുഭവിക്കുന്നവരുടെ ചികിത്സയ്ക്കായി ഈ പദ്ധതിയ്ക്ക് രൂപം നല്‍കിയത് അബുദാബിയുടെ കീരീടാവകാശിയായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായദ് അല്‍ നഹ്യാനാണ്. തങ്ങളുടെ മേലുള്ള യുഎഇ സര്‍ക്കാരിന്റെ വിശ്വാസത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ വിശ്വാസം ഉറപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറ്കടറുമായ ഡോ. ഷംസീര്‍ വയലില്‍ പറഞ്ഞു.

Tags:    

Similar News