ഹൂത്തി ആക്രമണം; സൗദിയിലെ എണ്ണയുല്‍പ്പാദനം പകുതിയായി കുറയും

യമനിലെ ഹൂത്തി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണം സൗദി അറേബ്യയുടെ എണ്ണയുല്‍പ്പാദനത്തെ കാര്യമായി ബാധിക്കുമെന്ന് റിപോര്‍ട്ട്. രാജ്യത്തെ എണ്ണയുല്‍പ്പാദനത്തിന്റെ പകുതിയോളം ഏതാനും ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഇതു കാരണമായേക്കും.

Update: 2019-09-15 06:15 GMT

റിയാദ്: യമനിലെ ഹൂത്തി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണം സൗദി അറേബ്യയുടെ എണ്ണയുല്‍പ്പാദനത്തെ കാര്യമായി ബാധിക്കുമെന്ന് റിപോര്‍ട്ട്. രാജ്യത്തെ എണ്ണയുല്‍പ്പാദനത്തിന്റെ പകുതിയോളം ഏതാനും ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഇതു കാരണമായേക്കും. ഇറാനും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം മൂര്‍ഛിക്കാനും ഇത ഇടയാക്കുമെന്നാണു കരുതുന്നത്.

സര്‍ക്കാര്‍ എണ്ണ കമ്പനിയായ ആരാംകോയുടെ ഉല്‍പ്പാദന കേന്ദ്രത്തിനു നേരെയാണ് ഇന്നലെ പുലര്‍ച്ചെ ആക്രമണമുണ്ടായത്. പത്തോളം ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂത്തികള്‍ അവകാശപ്പെട്ടു. യമനിലെ നാലു വര്‍ഷം നീണ്ട യുദ്ധത്തിനിടെ ഇറാന്‍ പിന്തുണയുള്ള വിമതര്‍ സൗദിക്കെതിരേ നടത്തിയ ഏറ്റവും കനത്ത ആക്രമണങ്ങളിലൊന്നാണിത്.

സൗദിയുടെ എണ്ണയുല്‍പ്പാദന കേന്ദ്രങ്ങള്‍ക്കു നേരെ പതിറ്റാണ്ടുകള്‍ക്കിടെ നടന്ന ഏറ്റവും ഗുരുതരമായ ആക്രമണം കൂടിയായിരുന്നു ഇന്നലത്തേത്. 1991ലെ ഗള്‍ഫ് യുദ്ധകാലത്ത് സദ്ദാം ഹുസയ്‌ന്റെ സൈന്യം നടത്തിയ സ്‌കഡ് മിസൈല്‍ ആക്രമണമാണ് ഇതിന് മുമ്പ് നടന്ന കനത്ത ആക്രമണങ്ങൡലൊന്ന്. അരാംകോ കേന്ദ്രത്തില്‍ നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ നാസ ഉപഗ്രഹം പുറത്തുവിട്ടിട്ടുണ്ട്.

ആക്രമണത്തെ തുടര്‍ന്ന് 57 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുടെ ഉല്‍പ്പദാനം റദ്ദാക്കിയതായി അരാംകോ പ്രസ്താവനയില്‍ അറിയിച്ചു. ഇത് സൗദിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയുടെ പകുതിയോളവും ലോകത്തെ എണ്ണയുല്‍പ്പാദനത്തിന്റെ ആറ് ശതമാനത്തോളവും വരും. ഉല്‍പ്പാദനത്തിലെ കുറവ് എണ്ണ വില കുത്തനെ കൂടാന്‍ ഇടയാക്കിയേക്കും.

എണ്ണയുല്‍പ്പാദനം എത്ര ദിവസത്തേക്കാണ് നിര്‍ത്തുന്നതെന്ന് അരാംകോ പ്രസ്താവനയില്‍ നിന്ന് വ്യക്തമല്ല. വിതരണത്തിലെ തടസ്സം ഒഴിവാക്കാന്‍ അമേരിക്കയിലെ അടിയന്തര എണ്ണ ശേഖരം ഉപയോഗിക്കുന്നത് പരിഗണിക്കുമെന്ന് അമേരിക്കന്‍ ഊര്‍ജ വകുപ്പ് വ്യക്തമാക്കി.

അതേ സമയം, ഹൂത്തികളുടെ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ തങ്ങള്‍ തയ്യാറായതായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അറിയിച്ചു. ശനിയാഴ്ച്ച ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം അറിയിച്ചത്. 

Tags:    

Similar News