എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന കരൂര്‍ ശശി അന്തരിച്ചു

വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ദീര്‍ഘകാലമായി കിടപ്പിലായിരുന്നു.

Update: 2021-08-18 19:24 GMT

തൃശൂര്‍: എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന കരൂര്‍ ശശി (82). തൃശൂര്‍ കോലഴിയില്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ദീര്‍ഘകാലമായി കിടപ്പിലായിരുന്നു.

തിരുവനന്തപുരം കരൂര്‍ രാമപുരത്ത് കെ രാഘവന്‍ പിള്ളയുടേയും ജി മാധവിയമ്മയുടേയുും മകനായ കരൂര്‍ ശശി 1939 മാര്‍ച്ച് 13നാണ് ജനിച്ചത്. കവി, നോവലിസ്റ്റ്, നിരൂപകന്‍, പ്രാസംഗികന്‍ എന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു. നാല് നോവലും 10 കാവ്യസമാഹാരങ്ങളും ഒരു ഖണ്ഡകാവ്യവും ഗദ്യസമാഹാരവും വിവര്‍ത്തനകൃതിയും അദ്ദേഹത്തിന്റേതായിട്ടുണ്ട്.

പൊതുജനം, മലയാളി, തനിനിറം, കേരളപത്രിക, വീക്ഷണം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. കേരള സാഹിത്യ അക്കാദമിയിലും കേരള കലാമണ്ഡലത്തിലും ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ സിനിമാ അവാര്‍ഡ് കമ്മറ്റിയില്‍ രണ്ട് തവണ അംഗമായിരുന്നു. ആകാശവാണിയിലും ദൂരദര്‍ശനിലും അദ്ദേഹം എഴുതിയ നിരവധി ഗാനങ്ങള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9.30ന് പാറമേക്കാവ് ശാന്തിഘട്ടില്‍.

Tags: