ലോകത്തിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്റര്‍ ഇന്ത്യയില്‍; ഹൈപ്പര്‍വോള്‍ട്ട് പദ്ധതിയുമായി ടിസിഎസ്

Update: 2026-02-17 07:25 GMT

മുംബൈ: നിര്‍മിതബുദ്ധി രംഗത്തെ ഉയര്‍ന്നുവരുന്ന ആവശ്യകത പരിഗണിച്ച് ലോകത്തിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്റര്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ പ്രമുഖ ഐടി കമ്പനിയായ ട്ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്) ഒരുങ്ങുന്നു. എഐ ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

'ഹൈപ്പര്‍വോള്‍ട്ട്' എന്ന പേരില്‍ രൂപകല്‍പ്പന ചെയ്യുന്ന ഈ പദ്ധതി, അത്യാധുനികവും സുരക്ഷിതവുമായ എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. വന്‍കിട ടെക് കമ്പനികള്‍ക്കും എഐ അധിഷ്ഠിത സംരംഭങ്ങള്‍ക്കും ആവശ്യമായ അതിവേഗ കമ്പ്യൂട്ടിംഗ് സൗകര്യങ്ങള്‍ ഈ ഡാറ്റാ സെന്റര്‍ വഴി ലഭ്യമാക്കും. ഡാറ്റാ സെന്ററുകളിലെ താപനില നിയന്ത്രണത്തിനായി ലിക്വിഡ് കൂളിംഗ് സംവിധാനങ്ങള്‍, ഉയര്‍ന്ന പ്രകടനക്ഷമതയുള്ള റാക്കുകള്‍, ഊര്‍ജക്ഷമ രൂപകല്‍പ്പന എന്നിവ ഹൈപ്പര്‍വോള്‍ട്ട് പദ്ധതിയുടെ പ്രധാന സവിശേഷതകളായിരിക്കും.

ആഗോള ഡാറ്റാ ഹബ്ബായി ഇന്ത്യ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം ശ്രദ്ധേയമാകുന്നത്. നിലവില്‍ ഏകദേശം 1.5 ഗിഗാവാട്ട് ശേഷിയുള്ള ഇന്ത്യയിലെ ഡാറ്റാ സെന്റര്‍ മേഖല 2030ഓടെ പത്തു ഗിഗാവാട്ടിന് മുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ. 2019 മുതല്‍ ഏകദേശം 94 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഈ മേഖലയിലേക്ക് ഇന്ത്യയില്‍ എത്തിച്ചേര്‍ന്നത്. ആഗോള തലത്തിലെ പ്രമുഖ എഐ കമ്പനികളുമായി സഹകരിച്ച് ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങള്‍ നല്‍കുകയാണ് ടിസിഎസിന്റെ ലക്ഷ്യം. ഇന്ത്യയുടെയും ലോകത്തിന്റെയും അടുത്തഘട്ട ഡിജിറ്റല്‍ വളര്‍ച്ചയ്ക്ക് കരുത്തേകാന്‍ ഈ പദ്ധതിക്ക് കഴിയുമെന്ന് ടിസിഎസ് അധികൃതര്‍ വ്യക്തമാക്കി.

Tags: