റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകര്‍

കര്‍ഷകര്‍ റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുന്നതിനെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ത്തിരുന്നു. രാജ്യത്തിന് അപമാനമാകുമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

Update: 2021-01-18 01:32 GMT

കാര്‍ഷിക ബില്ലുകള്‍ക്കെതിരേ നടത്തിയ ട്രാക്റ്റര്‍ റാലി(ഫയല്‍ ചിത്രം)

ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകര്‍. നാല്‍പ്പതോളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത് കിസാന്‍ മോര്‍ച്ചയാണ് ജനുവരി 26ന് പ്രഖ്യാപിച്ച കിസാന്‍ ട്രാക്ടര്‍ മാര്‍ച്ചുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചത്. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സംയുക്ത് കിസാന്‍ മോര്‍ച്ച ഇക്കാര്യം വ്യക്തമാക്കിയത്.


കര്‍ഷകര്‍ റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുന്നതിനെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ത്തിരുന്നു. രാജ്യത്തിന് അപമാനമാകുമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. ആയിരം ട്രാക്ടറുകള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് കര്‍ഷകര്‍ അവകാശപ്പെടുന്നത്. റാലി സമാധാനപരമായിരിക്കുമെന്നും രാജ്പഥില്‍ നടക്കുന്ന പരേഡിനെ തടസ്സപ്പെടുത്തില്ലെന്നും കര്‍ഷകര്‍ കൂട്ടിച്ചേര്‍ത്തു.നഗരത്തിന് ചുറ്റുമുള്ള ഔട്ടര്‍ റിങ് റോഡിലൂടെയാകും അമ്പതു കിലോമീറ്റര്‍ നീളമുള്ള ട്രാക്ടര്‍ റാലി സംഘടിപ്പിക്കുക.


ട്രാക്ടര്‍ റാലിയില്‍ കര്‍ഷക സംഘടനകളുടെ കൊടിക്കൊപ്പം ദേശീയപതാകയും വാഹനങ്ങളില്‍ കെട്ടുമെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടി ഉപയോഗിക്കില്ലെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ തങ്ങളുടെ ഗ്രാമങ്ങളില്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്നും കര്‍ഷകസംഘടനാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.





Tags: