വനിത സംവരണ ബില്ല്; രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ഭൂപടം ബിജെപി പുനര്‍നിര്‍മ്മിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'മാന്ത്രികന്‍' എന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വനിതാ സംവരണ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച രാഹുല്‍ ഗാന്ധി, രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ഭൂപടം ബിജെപി പുനര്‍നിര്‍മ്മിക്കുകയാണെന്ന് ആരോപിച്ചു.
ബില്‍ സഭയില്‍ പാസാകില്ലെന്ന് ബിജെപിക്ക് അറിയാമായിരുന്നുവെന്നും അവര്‍ പരിഭ്രാന്തരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'സത്യം പറഞ്ഞാല്‍ മാന്ത്രികന്‍ പിടിക്കപ്പെട്ടു. ബാലകോട്ടിലെ മാന്ത്രികന്‍, നോട്ട് നിരോധനത്തിന്റെ മാന്ത്രികന്‍, സിന്ദൂരിലെ മാന്ത്രികന്‍ എല്ലാം ഇന്ന് പെട്ടെന്ന് പിടിക്കപ്പെട്ടു,' അദ്ദേഹം വ്യക്തമാക്കി.
'കേന്ദ്ര സര്‍ക്കാര്‍ നമ്മുടെ ഒബിസി സഹോദരീ സഹോദരന്മാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആഗ്രഹിക്കുന്നു. രണ്ടാമതായി, ദേശീയ രാഷ്ട്രീയത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ ഭയപ്പെടുന്നു. നിങ്ങളുടെ ശക്തി കുറയുന്നു. അതുകൊണ്ടാണ് നിങ്ങള്‍ അസമില്‍ ചെയ്തതുപോലെ തിരഞ്ഞെടുപ്പ് ഭൂപടം മാറ്റാന്‍ ശ്രമിക്കുന്നത്. പക്ഷേ ഞങ്ങള്‍ അത് ചെയ്യാന്‍ നിങ്ങളെ അനുവദിക്കില്ല. മുഴുവന്‍ പ്രതിപക്ഷവും അതിനെ പരാജയപ്പെടുത്തും' അദ്ദേഹം വ്യക്തമാക്കി.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ബിജെപി എംപിമാരില്‍ നിന്ന് കടുത്ത പ്രതിഷേധത്തിന് കാരണമായി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ തെറ്റായ വാക്കുകള്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹത്തിന്റെ പരാമര്‍ശത്തിന് അദ്ദേഹം മാപ്പ് പറയണമെന്നും കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടു.
