മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള കൊടിയിറങ്ങി

Update: 2022-07-19 03:11 GMT

കോഴിക്കോട്: മൂന്ന് രാപ്പകലുകള്‍ നീണ്ട സിനിമാ കാഴ്ചകളുടെ ഉത്സവത്തിനു കൊടിയിറക്കം. സംസ്ഥാന ചലച്ചിത്ര അക്കാദമി കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിലായി സംഘടിപ്പിച്ച മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേള സിനിമാ പ്രേമികള്‍ക്ക് നല്‍കിയത് മികച്ച കാഴ്ചാനുഭവം. ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍ എന്നീ വിഭാഗങ്ങളിലായി 23 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്.

26ാമത് ഐഎഫ്എഫ്‌കെയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരവും മികച്ച നവാഗത സംവിധായികയ്ക്കുള്ള രജതചകോരവും നേടിയ ക്ലാര സോള, ഇനസ് മരിയ ബാറിയോനുയേവയ്ക്ക് മികച്ച സംവിധായികയ്ക്കുള്ള രജതചകോരം നേടിക്കൊടുത്ത 'കമീല കംസ് ഔട്ട് റ്റുനൈറ്റ്' തുടങ്ങി മേളയില്‍ പ്രദര്‍ശിപ്പിച്ച നിരവധി ചിത്രങ്ങള്‍ ശ്രദ്ധേയമായി. 'നിഷിദ്ധോ' ചിത്രത്തിന്റെ സംവിധായിക താര രാമാനുജന്‍, 'ഡിവോഴ്‌സി'ന്റെ സംവിധായിക മിനി ഐ.ജി, 'ഫഌ് 'എന്ന ചിത്രത്തിന്റെ സംവിധായിക ഐഷ സുല്‍ത്താന, '21 അവേഴ്‌സ്'എന്ന ചിത്രത്തിന്റെ സംവിധായിക സുനിത സി.വി, ബംഗാളി ഡോക്യുമെന്ററി സംവിധായകരായ ഫറാ ഖാത്തുന്‍, മൗപ്പിയ മുഖര്‍ജി തുടങ്ങിയവര്‍ മേളയില്‍ പങ്കെടുത്തു. ഓപ്പണ്‍ ഫോറം, വനിതാ സംവിധായികമാരുമായുള്ള ചോദ്യോത്തരവേള എന്നിവയും മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചു.

പ്രതികൂല കാലാവസ്ഥയിലും പ്രേക്ഷകപങ്കാളിത്തം കൊണ്ട് വനിതാ ചലച്ചിത്രമേള ഇത്രയും വലിയ വിജയമായത് ചലച്ചിത്ര അക്കാദമിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണെന്ന് അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പറഞ്ഞു. കൈരളി തിയേറ്റര്‍ പരിസരത്തെ കോഴിക്കോട് ശാന്താദേവി അങ്കണത്തിലെ ഓപ്പണ്‍ ഫോറം വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി. അജോയ് എന്നിവര്‍ പങ്കെടുത്തു. വനിതാ ചലച്ചിത്രമേളയുടെ സംഘാടനത്തിലും നടത്തിപ്പിലും ഒപ്പം നിന്ന കോഴിക്കോട്ടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ഡെലിഗേറ്റുകള്‍ക്കും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് നന്ദി പറഞ്ഞു.

Tags:    

Similar News