ത്രിപുരയിലെ സംഘപരിവാര്‍ വംശഹത്യക്കെതിരേ വനിതാ പ്രതിഷേധവലയം തീര്‍ത്ത് വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

Update: 2021-11-03 01:09 GMT

തിരൂര്‍: കൊലയും കൊള്ളയും വെടിവയ്പും തുടര്‍ക്കഥയാവുന്ന രാജ്യത്ത് മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ജനാധിപത്യ മതേതര വിശ്വാസികളുടെയും മൗനം അപകടം മാത്രമല്ല മറിച്ച് വര്‍ഗീയ ഭീകരതയ്ക്കുള്ള പിന്തുണ കൂടിയാണെന്ന് ചൂണ്ടിക്കാട്ടി വിമന്‍ ഇന്ത്യ മൂവ്‌മെന്റിന്റെ വനിതാ പ്രതിഷേധവലയം.

സംഘപരിവാര്‍ ഭീകരതയ്ക്ക് മുമ്പില്‍ ഇനിയും ഉറക്കം നടിക്കാനാണ് ഭാവമെങ്കില്‍, ശത്രു സമ്മാനിക്കുന്ന നിത്യ ഉറക്കത്തിന് തയ്യാറായിക്കൊള്ളൂവെന്നുമാത്രമേ പറയാനുള്ളൂവെന്ന് പ്രതിഷേധ വലയം ഉദ്ഘാടനം ചെയ്തു സംസാരിച്ച വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മലപ്പുറം ജില്ലാ സെക്രട്ടറി റെയ്ഹാനത്ത് പറഞ്ഞു. ത്രിപുരയില്‍ മുസ് ലിംകളെയും അവരുടെ ആരാധനാലയങ്ങളെയും തിരഞ്ഞു പിടിച്ചാണ് ആക്രമണം നടത്തുന്നതെന്നും വെറുപ്പ് ഭക്ഷണമാക്കിയവര്‍ ഭരിക്കുന്ന നമ്മുടെ രാജ്യത്ത് ത്രിപുരയില്‍നിന്നും യുപിയില്‍ നിന്നും അസമില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഞട്ടിപ്പിക്കുന്നതും പേടിപ്പെടുത്തുന്നതുമാണെന്നും അവര്‍ പറഞ്ഞു.

താഴെപള്ളത്തുനിന്നു തുടങ്ങിയ പ്രകടനം തിരൂര്‍ നഗരം ചുറ്റി സെന്‍ട്രല്‍ ജംങ്ഷനില്‍ വലയം തീര്‍ത്തു. മണ്ഡലം പ്രസിഡന്റ് ഫാത്തിമ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സക്കീന സ്വാഗതം പ്രസംഗം നടത്തി. സീനത്ത് പയ്യനങ്ങാടി നന്ദി പറഞ്ഞു. റസീന, ഹഫ്‌സത്ത്, ബുഷ്‌റ, മുനീറ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. 

Tags:    

Similar News