യുവതിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചു; സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Update: 2026-01-27 05:43 GMT

ലഖ്‌നോ: യുവതിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആഗ്ര സ്വദേശിനിയും എച്ച്ആര്‍ മാനേജറുമായ യുവതിയുടെ കൊലപാതകത്തിലാണ് സഹപ്രവര്‍ത്തകനായ വിനയ് രജ്പുതിനെ പോലിസ് അറസ്റ്റ് ചെയ്തത്.

യുവതിയും വിനയും ഒരു ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ജനുവരി 23നു ഷോപ്പിങ്ങിന് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതി തിരിച്ചെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കി. പോലിസ് സംഘം നാലു ടീമുകളായി തിരിഞ്ഞ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് ജനുവരി 24നു പാര്‍വതി വിഹാറില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയത്. ചാക്ക് തുറന്നപ്പോള്‍ തലയില്ലാത്ത ഒരു യുവതിയുടെ മൃതദേഹമാണ് കണ്ടത്. തുടര്‍ന്ന് പോലിസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഈ പരിശോധനയിലാണ് കാണാതായ യുവതിയുടെ സ്‌കൂട്ടറില്‍ ഒരാള്‍ ചാക്കുമായി പോകുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദൃശ്യങ്ങളിലുള്ളത് യുവതിയുടെ സഹപ്രവര്‍ത്തകനായ വിനയ് ആണെന്ന് തിരിച്ചറിയുകയും പ്രതിയെ പോലിസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ചോദ്യം ചെയ്യലില്‍ യുവതിയെ കൊലപാതകം ചെയ്തത് താനാണെന്ന് വിനയ് സമ്മതിച്ചു. യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നും യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്. സംശയം ചൂണ്ടിക്കാട്ടി യുവതിയുമായി പലതവണ വഴക്കിട്ടിരുന്നതായും പ്രതി സമ്മതിച്ചു. സംഭവദിവസവും യുവതിയും പ്രതിയും തമ്മില്‍ ഓഫീസില്‍ വച്ച് വഴക്കുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കത്തി ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം യുവതിയുടെ തല അറത്തുമാറ്റി സമീപത്തെ അഴുക്കുചാലിലേക്കും ബാക്കിഭാഗം പുഴയിലേക്കും എറിഞ്ഞു. സംശയം തോന്നാതിരിക്കാന്‍ യുവതിയുടെ കുടുംബാംഗങ്ങളുമായും പ്രതി ആശയവിനിമയം നടത്തി. യുവതിയെ കാണാനില്ലെന്ന പരാതി നല്‍കാനടക്കം പ്രതി ബന്ധുക്കളെ സഹായിച്ചതായും പോലിസ് പറഞ്ഞു. തല ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും തിരച്ചില്‍ തുടരുകയാണെന്നും ഡിസിപി സിറ്റി സയ്യിദ് അലി അബ്ബാസ് പറഞ്ഞു.

Tags: