കൈയേറ്റം ചെയ്‌തെന്ന വനിതാ എസ്‌ഐയുടെ പരാതി; അഭിഭാഷകര്‍ക്കെതിരേ കേസെടുത്തു

Update: 2022-12-17 15:54 GMT

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ വനിതാ എസ്‌ഐയെ കൈയേറ്റം ചെയ്‌തെന്ന പരാതിയില്‍ പോലിസ് കേസെടുത്തു. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകര്‍ക്കെതിരേയാണ് കേസെടുത്തത്. അഭിഭാഷകന്‍ പ്രണവ് അടക്കം കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് കേസ്. സംഘം ചേര്‍ന്ന് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

വലിയതുറ എസ്‌ഐ അലീന സൈറസിന്റെ പരാതിയിലാണ് വഞ്ചിയൂര്‍ പോലിസ് കേസെടുത്തത്. പ്രണവ് എന്ന അഭിഭാഷകന്റെ കക്ഷിയെ പോലിസ് നിരീക്ഷിച്ചതാണ് കൈയേറ്റത്തിന് കാരണമെന്നാണ് പരാതിയില്‍ പറയുന്നത്. ശനിയാഴ്ച പ്രണവിന്റെ കക്ഷിയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. അതിനിടെ പ്രണവുമായി വാക്കുതര്‍ക്കമുണ്ടാവുകയും അഭിഭാഷകന്‍ അസഭ്യം പറഞ്ഞുവെന്നും അലീന പറയുന്നു. ഇത് ചൂണ്ടിക്കാട്ടി അലീന മജിസ്‌ട്രേറ്റിന് പരാതി സമര്‍പ്പിക്കുകയും ചെയ്തു. ഇതെത്തുടര്‍ന്ന് അഭിഭാഷകര്‍ കൂട്ടമായെത്തി തടഞ്ഞുവച്ചെന്നും കൈയേറ്റം ചെയ്തുവെന്നുമാണ് പരാതി.

Tags: