വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പിന്നാലെ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി

Update: 2026-02-18 07:41 GMT

ഹൈദരാബാദ്: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി. തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.

സന്ധ്യ (28) എന്ന യുവതിയെ കുന്ത അഞ്ജയ്യ (40) എന്നയാളാണ് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ പ്രതിക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മഹബൂബാബാദ് ടൗണില്‍ പച്ചക്കറി വില്‍പന നടത്തിയിരുന്ന യുവതിയും സമീപത്തെ പാല്‍ കടയുടമയായ അഞ്ജയ്യയും തമ്മില്‍ നേരത്തെ പരിചയവും സൗഹൃദവും ഉണ്ടായിരുന്നുവെന്ന് പോലിസ് പറഞ്ഞു. യുവതി മറ്റൊരാളുമായി സംസാരിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് പ്രതി പ്രകോപിതനാകുകയും പിന്നീട് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

യുവതി ഇത് നിരസിച്ചതോടെ പ്രതി യുവതിയുടെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ആക്രമണത്തിനിടെ യുവതിയെ പ്രതി കെട്ടിപ്പിടിച്ചതോടെ ഇയാളും പൊള്ളലേറ്റു. ഇരുവരെയും വാരങ്കല്ലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് രണ്ടു മക്കളോടൊപ്പം താമസിച്ചു വരികയായിരുന്നു. ഭാര്യ മരിച്ച പ്രതിക്ക് മൂന്നു മക്കളുണ്ടെന്ന് പോലിസ് അറിയിച്ചു.

സംഭവത്തില്‍ പ്രതിക്കെതിരേ വധശ്രമക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി പോലിസ് അറിയിച്ചു.

Tags: