യുവതിയെയും മാതാപിതാക്കളെയും പെട്രോളൊഴിച്ച് തീകൊളുത്തി; പ്രതി അറസ്റ്റില്‍

Update: 2026-03-08 08:26 GMT

ബെംഗളൂരു: യുവതിയെയും മാതാപിതാക്കളെയും പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ്. താരബനഹള്ളി സ്വദേശികളായ സുമലത, മാതാവ് മഞ്ചമ്മ, പിതാവ് ശ്രീറാം എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പൊള്ളലേറ്റത്. ഇവരെ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഞ്ചമ്മയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബെംഗളൂരു ബാഗലൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പാണ്ഡു എന്ന ചന്തുവും സുമലതയും ആറുവര്‍ഷമായി പ്രണയത്തിലായിരുന്നു. സുമലതയുടെ വിവാഹത്തിന് മുന്‍പേ ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നു. പിന്നീട് ഇരുവരും വേറെ വിവാഹം കഴിക്കുകയും കുട്ടികളുണ്ടാകുകയും ചെയ്‌തെങ്കിലും ബന്ധം തുടരുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സുമലതയ്ക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്. പാണ്ഡു നാലു വര്‍ഷം മുന്‍പാണ് വിവാഹിതനായത്.

അതേസമയം, സുമലതയ്ക്ക് പുറമെ മറ്റൊരു സ്ത്രീയുമായും പാണ്ഡുവിന് ബന്ധമുണ്ടായിരുന്നുവെന്നും ആ സ്ത്രീയെ പാണ്ഡുവിന്റെ വീട്ടില്‍ താമസിപ്പിച്ചിരുന്നുവെന്നും പോലിസ് പറഞ്ഞു. ഇതിനെ സുമലത ചോദ്യം ചെയ്തതോടെ ഇരുവര്‍ക്കും ഇടയില്‍ പ്രശ്‌നം ആരംഭിച്ചു.

ഇതിന് പിന്നാലെ പാണ്ഡു സുമലതയുടെ വീട്ടിലെത്തി ഒരു ബൈക്ക് ആവശ്യപ്പെട്ടു. എന്നാല്‍ സുമലതയും കുടുംബവും അത് നല്‍കാന്‍ തയ്യാറായില്ല. ഇതോടെ ഉണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് മാറി. തുടര്‍ന്ന് കൈവശം കരുതിയിരുന്ന പെട്രോള്‍ ആദ്യം സുമലതയുടെ മാതാവ് മഞ്ചമ്മയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച സുമലതയ്ക്കും പിതാവ് ശ്രീറാമിനുമേലും പ്രതി പെട്രോളൊഴിച്ച് തീ കൊളുത്തി. സംഭവത്തില്‍ പ്രതിയായ പാണ്ഡുവിനെ പോലിസ് അറസ്റ്റ് ചെയ്തു.

Tags: