അലനല്ലൂരില്‍ ബൈക്ക് അപകടം; പരിക്കേറ്റ സ്ത്രീ മരിച്ചു

Update: 2025-09-13 07:28 GMT

അലനല്ലൂര്‍: റോഡിന് കുറുകെ ചാടിയ നായ ബൈക്കിലിടിച്ചതിനെ തുടര്‍ന്ന് റോഡില്‍ തെറിച്ച്‌വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന സ്ത്രീ മരിച്ചു. മലപ്പുറം മേലാറ്റൂര്‍ കിഴക്കുംപാടം കട്ടിലശ്ശേരി ഉമ്മറിന്റെ ഭാര്യ സലീനയാണ് മരിച്ചത്. കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ വ്യാഴാഴ്ച രാത്രി 10.45ഓടെയാണ് അപകടമുണ്ടായത്. മണ്ണാര്‍ക്കാട് ഭാഗത്തുനിന്ന് മേലാറ്റൂരിലേക്ക് മകന്‍ ഓടിച്ച ബൈക്കിലാണ് സലീന യാത്ര ചെയ്തിരുന്നത്.

റോഡിന് കുറുകെ ചാടിയ നായയെ ബൈക്ക് ഇടിച്ചതോടെ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഹെല്‍മറ്റ് ധരിച്ചിരുന്നിട്ടും സലീനയുടെ തലക്ക് ഗുരുതര പരിക്കേറ്റു. മകന്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ സലീനയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സ ഫലപ്രദമായില്ല. ഇന്ന് രാവിലെ എട്ടോടെയാണ് മരണം സംഭവിച്ചത്.

മക്കള്‍: മുഹമ്മദ് ഷമ്മാസ്, അബ്ദുല്ല, ഷാന്‍ അഹ്മദ്.

Tags: