കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ ചമല്‍ പൂവന്‍മലയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ മുളകുപൊടി വിതറി ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ യുവതിയെ താമരശ്ശേരി പോലിസ് അറസ്റ്റ് ചെയ്തു. ചമല്‍ പൂവന്‍മല വാണിയപുറായില്‍ വി എസ് ആതിര എന്ന ചിന്നു (26)വാണ് പിടിയിലായത്. അയല്‍വാസിയായ ചമല്‍ പൂവന്‍മല പുഷ്പവല്ലി (63)യുടെ വീട്ടില്‍ അതിക്രമിച്ച് കയറി രണ്ടു പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തുവെന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വീടിന്റെ വരാന്തയില്‍ ഇരുന്ന് പ്രഭാതഭക്ഷണം കഴിക്കുകയായിരുന്ന പുഷ്പവല്ലിയുടെ പിറകിലൂടെ എത്തിയ പ്രതി മുളകുപൊടി വിതറി ആക്രമിക്കുകയായിരുന്നു.
കണ്ണിലും മുഖത്തും മുളകുപൊടി വിതറി വീട്ടമ്മയെ ബലമായി തടഞ്ഞുവെച്ച പ്രതി, വലിച്ചിഴച്ച് ഡൈനിങ് ഹാളിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചു. കഴുത്തിലെ സ്വര്‍ണമാല കവര്‍ന്നെടുക്കുന്നതിനിടെ പുഷ്പവല്ലി ബഹളം വച്ചതുകേട്ട് സമീപവാസിയായ മറ്റൊരു യുവതി സ്ഥലത്തെത്തി. ഇതോടെ സ്വര്‍ണമാല വലിച്ചുപൊട്ടിച്ച് ഒരു ഭാഗം കൈക്കലാക്കിയ പ്രതി വീടിനകത്തേക്കു കയറി അടുക്കളവാതില്‍വഴി പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.
കവര്‍ച്ചയെ പ്രതിരോധിക്കുന്നതിനിടെ കഴുത്തിന് പരിക്കേറ്റ പുഷ്പവല്ലിയെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലിസ് തുടര്‍നടപടികളുടെ ഭാഗമായി പ്രതിയെ അറസ്റ്റ് ചെയ്തതായി അറിയിച്ചു.
