കാരണമില്ലാതെ പള്ളി അടച്ചിടുന്ന മഹല്ല് ഭാരവാഹികള്‍ മതദൃഷ്ട്യാ കുറ്റക്കാര്‍: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

ആരാധനാലയങ്ങള്‍ക്കു സര്‍ക്കാര്‍ ലോക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചതിലൂടെ വിശ്വാസികള്‍ക്ക് ജുമുഅയുടെ കാര്യത്തിലുണ്ടായിരുന്ന ഇളവു നീങ്ങുകയാണ്. അതിനാല്‍ അവര്‍ ജുമുഅ സമയത്ത് ജുമുഅ തന്നെ നിര്‍വ്വഹിക്കേണ്ടതുണ്ട്. ളുഹ്ര്‍ നമസ്‌കരിച്ചാല്‍ മതിയാവുകയില്ല.

Update: 2020-06-11 17:44 GMT

മലപ്പുറം: സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്കു വിധേയമായി പള്ളികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാത്ത മഹല്ല് ഭാരവാഹികള്‍ മതദ്യഷ്ട്യാ കുറ്റക്കാരാണെന്നും ഈ വിഷയത്തില്‍ സമസ്ത ഉള്‍പ്പെടെയുള്ള ഉലമാ സംഘടനകള്‍ സ്വീകരിച്ച ധീരമായ നിലപാട് ശ്ലാഘനീയമാണെന്നും ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.


ആരാധനാലയങ്ങള്‍ക്കു സര്‍ക്കാര്‍ ലോക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചതിലൂടെ വിശ്വാസികള്‍ക്ക് ജുമുഅയുടെ കാര്യത്തിലുണ്ടായിരുന്ന ഇളവു നീങ്ങുകയാണ്. അതിനാല്‍ അവര്‍ ജുമുഅ സമയത്ത് ജുമുഅ തന്നെ നിര്‍വ്വഹിക്കേണ്ടതുണ്ട്. ളുഹ്ര്‍ നമസ്‌കരിച്ചാല്‍ മതിയാവുകയില്ല.


കൊറോണ മഹാമാരി മനുഷ്യജീവിതത്തെ ആകമാനം അനിശ്ചിതമായ സ്തംഭനത്തിലേക്ക് കൊണ്ടുപോവുമ്പോള്‍ കൊറോണയ്‌ക്കൊപ്പം ജീവിക്കുക എന്ന ആഗോള നിലപാടിനൊപ്പം പള്ളികളും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്.


ജനസമ്പര്‍ക്ക മേഖലകളിലൊന്നടങ്കം ബുദ്ധിപരമായി സര്‍ക്കാര്‍ സുരക്ഷാ മുന്‍കരുതലോടെ ഇളവു പ്രഖ്യാപിക്കുമ്പോള്‍ പള്ളികളില്‍ മാത്രം ആ ഇളവുകള്‍ വേണ്ടെന്നുവച്ച് അടച്ചിടുന്നതിലൂടെ ബന്ധപ്പെട്ടവര്‍ മതദൃഷ്ട്യാ കുറ്റക്കാരാവുക മാത്രമല്ല; ഭരണ കേന്ദ്രങ്ങള്‍ ആലോചിച്ചെടുത്ത പ്രായോഗിക ബുദ്ധിക്കൊപ്പം നില്‍ക്കാത്തവരുമാവുകയാണ്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ആരോഗ്യ സുരക്ഷ മുന്‍കരുതല്‍ സ്വീകരിച്ചു കൊണ്ട് ജമാഅത്ത്, ജുമുഅ നമസ്‌കാരങ്ങള്‍ പുനരുജ്ജീവിപ്പിക്കേണ്ട ബാധ്യത അതത് പ്രദേശത്തെ മഹല്ല് സമിതികള്‍ക്കും വിശ്വാസികള്‍ക്കുമുണ്ട്.


എന്നാല്‍ ഹോട്ട്‌സ്‌പോട്ട് മേഖലകള്‍, സൂക്ഷ്മത പുലര്‍ത്താന്‍ കഴിയാത്ത വിധം യാത്രക്കാരുടെ സമ്പര്‍ക്ക സാധ്യത കൂടിയ പ്രത്യേക പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ പള്ളികള്‍ തുറക്കുന്നതില്‍ സാവകാശമാകാവുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു.


സംസ്ഥാന പ്രസിഡന്റ് ടി അബ്ദുറഹ്മാന്‍ ബാഖവി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വി എം ഫത്ഹുദ്ദീന്‍ റഷാദി, കെ കെ അബ്ദുല്‍ മജീദ്ഖാസിമി, അര്‍ഷദ് മുഹമ്മദ് നദ് വി, ഹാഫിസ് അഫ്‌സല്‍ ഖാസിമി, എം ഇ എം അശ്‌റഫ് മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.




Tags: