ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ആഹ്വാനം നല്‍കി വിസ്ഡം യൂത്ത് കോണ്‍ക്ലേവ് സമാപിച്ചു

സിഎഎ. വിരുദ്ധ സമരങ്ങളില്‍ ഏര്‍പ്പെടുന്ന യുവതിയുവാക്കളെ വ്യാജ രാജ്യദ്രോഹ കുറ്റം ചുമത്തി വേട്ടയാടുന്നത് മതേതരസമൂഹം ഗൗരവമായി കാണണം. വിയോജിക്കുന്നവരെ അധികാരമുപയോഗിച്ച് നിശ്ശബ്ദരാക്കുന്നത് ശരിയല്ല- കോണ്‍ക്ലേവ് ഓര്‍മ്മപ്പെടുത്തി

Update: 2020-02-23 12:22 GMT

ഫറോക്ക്: ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ആഹ്വാനവും രാജ്യത്ത് വിവിധയിടങ്ങളിലായി നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് വിസ്ഡം യൂത്ത് കോണ്‍ക്ലേവ് സമാപിച്ചു.

സിഎഎ. വിരുദ്ധ സമരങ്ങളില്‍ ഏര്‍പ്പെടുന്ന യുവതിയുവാക്കളെ വ്യാജ രാജ്യദ്രോഹ കുറ്റം ചുമത്തി വേട്ടയാടുന്നത് മതേതരസമൂഹം ഗൗരവമായി കാണണം. ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സമരം ചെയ്യാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. വിയോജിക്കുന്നവരെ അധികാരമുപയോഗിച്ച് നിശ്ശബ്ദരാക്കുന്നത് ശരിയല്ല- കോണ്‍ക്ലേവ് ഓര്‍മ്മപ്പെടുത്തി.

ഏതൊരു സമൂഹത്തിന്റെയും ചാലകശക്തി യുവാക്കളാണ്. അവരുടെ കര്‍മ്മശേഷി സമൂഹത്തിന്റെയും രാജ്യത്തിന്റെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണം. ഇന്ത്യന്‍ ഭരണഘടനയെ വികലമാക്കാന്‍ ശ്രമിക്കുന്ന ഭരണകൂടത്തിനെതിരെയുള്ള യുവാക്കളുടെ ക്രിയാത്മകമായ ഇടപെടല്‍ ആശാവഹമാണ്. വൈവിധ്യങ്ങളിലെ ഏകതയെന്ന ഇന്ത്യന്‍ പൈതൃകത്തെ കാത്തുസൂക്ഷിക്കാന്‍ ആര്‍ജവം കാണിച്ചത് ഇന്ത്യന്‍ യുവതയുടെ ചരിത്രബോധത്തിന് തെളിവാണ്. ഭരണകൂടം പക്ഷേ, അവരെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നു. രാജ്യദ്രോഹ കുറ്റം ചുമത്തി സമരങ്ങളെ അടിച്ചമര്‍ത്തുന്നു. അത് ഭീരുത്വമാണെന്ന് കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു. ഉദ്യോഗകയറ്റങ്ങളിലെ സംവരണം നല്‍കണമെന്നും പൗരത്വഭേദഗതിനിയമങ്ങള്‍ പിന്‍വലിക്കണമെന്നും സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു.

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ.സി. ഹാരിസ് മദനി അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ്, വിസ്ഡം യൂത്ത് ജനറല്‍ സെക്രട്ടറി കെ. താജുദ്ധീന്‍ അഹ്മദ് സ്വലാഹി എന്നിവര്‍ പ്രഭാഷണം നടത്തി. 

Tags:    

Similar News