ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വിശദ പരിശോധനയ്ക്കു ശേഷമെന്ന് ഉദ്ദവ് താക്കറെ

Update: 2020-05-01 10:06 GMT

മുംബൈ: സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവനുവദിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഇളവുകള്‍ അനുവദിക്കുന്നതിനൊപ്പം ലോക്ക് ഡൗണ്‍ വഴി ഇതുവരെ നേടിയവയൊന്നും നഷ്ടപ്പെടുത്താതിരിക്കാനുള്ള ജാഗ്രതയുണ്ടാവുമെന്നും ഉദ്ദവ് പറഞ്ഞു.

''ലോക്ക് ഡൗണ്‍ സമയത്ത് നേടിയതൊന്നും നഷ്ടപ്പെടുത്താത്ത രീതിയില്‍ ജഗ്രതയും സൂക്ഷ്മതയും പുലര്‍ത്തി മെയ് മൂന്നിനു ശേഷം പ്രത്യേക ചില മേഖലകളിലെ സ്ഥിതിഗതികള്‍ പരിശോധിച്ച് നിയന്ത്രണങ്ങളില്‍ ഇളവനുവദിക്കും''- മെയ് 3നു ശേഷമുള്ള ഇളവുകളെ കുറിച്ച് ഉദ്ദവ് സൂചിപ്പിച്ചു.

''കൊവിഡ് 19നെ കുറിച്ച് ജനങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ല. സമയത്ത് ചികില്‍സ തുടങ്ങുകയെന്നതു മാത്രമാണ് പ്രശ്‌നം. കഴിഞ്ഞ കുറച്ചു ദിവസമായി 83 വയസ്സു കഴിഞ്ഞവരും കുഞ്ഞുങ്ങളും അസുഖം ഭേദമായി പോകുന്നുണ്ട്. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്നവരുടെ പോലും രോഗം ഭേദമായി'' അദ്ദേഹം പറയുന്നു.

മെയ് മൂന്നിനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കുന്നത്.

ലോക്ക് ഡൗണ്‍ ഒരു സര്‍ക്യൂട്ട് ബ്രേക്കറായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉദ്ദവ് പറഞ്ഞു. ''മഹാരാഷ്ട്രയില്‍ കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും അവര്‍ നിലവില്‍ ക്വാറന്റീനിലുളളവരാണ്. കൊറോണ രോഗബാധയുണ്ടായിട്ടും ലക്ഷ്ണമൊന്നും കാണിക്കാത്തവരുടെ 70-80 ശതമാനം പേരും ഭാഗ്യത്തിന് ക്വാറന്റീനില്‍ കഴിയുന്നവരാണെന്നതും ആശ്വാസകരമാണ്''-ഉദ്ദവ് അറിയിച്ചു.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 583 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ 27 പേര്‍ മരിക്കുകയും ചെയ്തു.

മഹാരാഷ്ട്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് ഇതുവരെ 10,498 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 459 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ മരണനിരക്ക് 4.37 ശതമാനമമാണ്. ഇന്ത്യയിലാകമാനം ഇതുവരെ 35,043 പേര്‍ക്കാണ് രോഗം ബാധിച്ചത്.  

Tags: