ഭാര്യയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ കേസ്: ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും
പുനലൂര്‍: ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കൊല്ലം ജില്ലാ സെഷന്‍സ് കോടതി. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പുനലൂര്‍ മണിയാറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇടക്കുന്ന് മുളവട്ടിക്കോണം മഞ്ജുഭവനില്‍ മഞ്ജു (36)വാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ അച്ചന്‍കോവില്‍ സ്വദേശി മണികണ്ഠന്‍ (42) കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, സെഷന്‍സ് കോടതി നാലു ജഡ്ജി സി എം സീമയാണ് ശിക്ഷ വിധിച്ചത്. മഞ്ജുവിന്റെ മക്കള്‍ക്ക് ആവശ്യമായ ധനസഹായം ലഭ്യമാക്കുന്നതിനും കോടതി നിര്‍ദ്ദേശം നല്‍കി.
2022 ഫെബ്രുവരി ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. കുരിയോട്ടുമല ഫാമില്‍ താല്‍ക്കാലിക ദിവസവേതന തൊഴിലാളിയായി ജോലി ചെയ്തിരുന്ന മഞ്ജുവിനെ, സഹപ്രവര്‍ത്തകരുടെ പേരുപറഞ്ഞ് മണികണ്ഠന്‍ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവ ദിവസം രാത്രി എട്ടു മണിയോടെ ഉപദ്രവം തുടരുന്നതായി മഞ്ജു അമ്മയെ ഫോണില്‍ അറിയിച്ചിരുന്നു. അര്‍ദ്ധരാത്രി 12 മണിയോടെ മഞ്ജുവിന്റെ ഫോണില്‍നിന്ന് അച്ഛനിലേക്കു വിളി എത്തിയെങ്കിലും ഉടന്‍ തന്നെ കട്ട് ആയി. തിരികെ വിളിച്ചപ്പോള്‍ ഫോണെടുത്തില്ല. പിന്നീട് വിളിച്ചപ്പോള്‍ മണികണ്ഠനാണ് ഫോണ്‍ എടുത്തത്. മഞ്ജുവിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ ഉറങ്ങുകയാണെന്ന് അറിയിച്ചു. എന്നാല്‍ പിറ്റേന്ന് പുലര്‍ച്ചെ അഞ്ചുമുതല്‍ അമ്മ നിരന്തരം വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് സഹോദരന്‍ മനോജിനെ വീട്ടിലേക്ക് അയച്ചു. വീട്ടിലെത്തിയ മനോജ് ഹാളില്‍ മഞ്ജുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൈത്തണ്ട മുറിച്ച നിലയില്‍ പിച്ചാത്തിയുമായി മണികണ്ഠന്‍ വീട്ടിലുണ്ടായിരുന്നു.
കൊലപാതകത്തിന് ശേഷം രാത്രി തന്നെ മണികണ്ഠന്‍ മഞ്ജുവിന്റെ സുഹൃത്തുക്കളെ വിളിച്ച് സംഭവം അറിയിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അന്ന് പുനലൂര്‍ പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന ടി രാജേഷ് കുമാര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 26 സാക്ഷികളെ വിസ്തരിച്ചു. 35 രേഖകളും തൊണ്ടിമുതലുകളും പ്രോസിക്യൂഷന് തെളിവായി ഹാജരാക്കി.
