ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍ മാതൃകയിലേക്ക് നീക്കാന്‍ ആലോചന
ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് പണം നല്‍കിയുള്ള സബ്‌സ്‌ക്രിപ്ഷന്‍ മാതൃക അവതരിപ്പിക്കാന്‍ മെറ്റ ആലോചിക്കുന്നതായി സൂചന. അതേസമയം, കോര്‍ പ്ലാറ്റ്‌ഫോമുകള്‍ സൗജന്യമായി തുടരുമെന്നും, തിരഞ്ഞെടുക്കപ്പെട്ട നവീന ഫീച്ചറുകളും പ്രീമിയം സേവനങ്ങളും പെയ്ഡ് മോഡലിലേക്ക് മാറ്റുകയുമാണ് കമ്പനിയുടെ ലക്ഷ്യമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഉപയോക്താക്കളുടെ ക്രിയേറ്റിവിറ്റിയും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കുന്ന പുതിയ ടൂളുകള്‍, അത്യാധുനിക എഐ സേവനങ്ങള്‍ എന്നിവയാകും സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുടെ മുഖ്യ ആകര്‍ഷണം. പ്രീമിയം അനുഭവങ്ങള്‍ ഘട്ടംഘട്ടമായി അവതരിപ്പിച്ചുകൊണ്ട് വരുംമാസങ്ങളില്‍ സബ്‌സ്‌ക്രിപ്ഷന്‍ മാതൃകയിലേക്ക് കടക്കാനാണ് മെറ്റയുടെ പദ്ധതി.
എല്ലാ ഉപയോക്താക്കള്‍ക്കും ഒരേ തരത്തിലുള്ള ഫീച്ചറുകള്‍ നല്‍കുന്നതിന് പകരം, ഒരു കൂട്ടം തിരഞ്ഞെടുത്ത പെയ്ഡ് ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി വിശദീകരിക്കുന്നു. ഈയിടെ ഏകദേശം 200 ദശലക്ഷം ഡോളര്‍ ചെലവഴിച്ച് മെറ്റ ഏറ്റെടുത്ത എഐ ഏജന്റ് മാനസ് പെയ്ഡ് സേവനത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായേക്കും. ഈ ചാറ്റ്‌ബോട്ട് ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നീ മൂന്നു പ്ലാറ്റ്‌ഫോമുകളുമായും നേരിട്ടുള്ള സംയോജനം സാധ്യമാക്കുന്നതാണ്.