വ്യാജവാര്‍ത്ത കൈകാര്യം ചെയ്യാന്‍ എന്ത് സംവിധാനമാണുള്ളത്? മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രിംകോടതി

Update: 2020-11-17 19:31 GMT

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ സമൂഹത്തില്‍ പ്രചരിക്കുന്നത് തടയുന്നതിനുള്ള സംവിധാനങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്ന ചോദ്യമുയര്‍ത്തി സുപ്രിംകോടതി. ടെലിവിഷന്‍ ചാനലുകള്‍ വഴി പുറത്തുവരുന്ന വ്യാജവാര്‍ത്തകള്‍ എങ്ങനെയാണ് നിലവില്‍ കൈകാര്യംചെയ്യുന്നതെന്നും അതിന് നിലവില്‍ എന്തെങ്കിലും സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രിം കോടതി ആവശ്യപ്പെട്ടു. വിവിധ കാലങ്ങളില്‍ വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കുന്നതിനുവേണ്ടി പുറപ്പെടുവിച്ച ഉത്തരവുകള്‍ ശേഖരിച്ച് സത്യവാങ് മൂലത്തില്‍ ഉള്‍പ്പെടുത്ത നടപടിയില്‍ സുപ്രിംകോടതി അതൃപ്തി പ്രകടിപ്പിച്ചു.

ടെലിവിഷന്‍ ചാനലുകള്‍ ജനങ്ങളെ വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ട്. ഇത്തരം ചാലനുകള്‍ വഴി വരുന്ന വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ എന്തെങ്കിലും നടപടികളോ സംവിധാനമോ ഉണ്ടോ എന്നാണ് അറിയേണ്ടത്. അത്തരം പരാതികള്‍ ഉയര്‍ന്നാല്‍ എന്താണ് ചെയ്യുന്നതെന്നും അറിയണം- ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ദെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേന്ദ്രത്തോട് ആരാഞ്ഞു. ഇതുസംബന്ധിച്ച സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ മൂന്നാഴ്ച സമയം നല്‍കി.

തബ് ലീഗ് ജമാഅത്തിനെതിരേ വ്യജവാര്‍ത്ത പ്രചരിച്ചതിനെതിരേ ജമാഅത്ത് ഉലമ ഇ ഹിന്ദ് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയില്‍ ഇടപെട്ടുകൊണ്ടാണ് കോടതിയുടെ പ്രതികരണം. നിസാമുദ്ദീന്‍ മര്‍ക്കസ്സിലെ കൂട്ടായ്മയാണ് രാജ്യത്ത് കൊവിഡ് വ്യാപനത്തിന് കാരണമായതെന്നായിരുന്നു വലത്പക്ഷ മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. അതിനെതിരേയാണ് സംഘടന കോടതിയെ സമീപിച്ചത്.

ഒക്ടോബര്‍ 8ലെ ഹിയറിങ്ങില്‍ വ്യാജവാര്‍ത്ത സംബന്ധിച്ച നടപടികളെകുറിച്ച് സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരിനുവേണ്ടി വാര്‍ത്താവിതരണ മന്ത്രാലയം നവംബര്‍ 13ന് സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്.

Similar News