ഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരം; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചതിനെതിരേ ഹൈക്കോടതി

കോഴിക്കോട്: താമരശേരിയിലെ ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചതിനെതിരേ ഹൈക്കോടതി. ഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്നു ചോദിച്ച കോടതി, പരീക്ഷാഫലം തടഞ്ഞുവെച്ചത് കുറ്റകരമാണെന്ന് പറഞ്ഞു. ഫലം പ്രസിദ്ധീകരിക്കാന്‍ ബാലാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും ഇത്തരമൊരു നടപടി പാടില്ലായിരുന്നെന്നും വ്യക്തമാക്കി.
പരീക്ഷാഫലം ഈ മാസം പതിനെട്ടിനകം പ്രസിദ്ധീകരിക്കണമെന്നാണ് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. പരീക്ഷാ ഫലം തടഞ്ഞുവച്ച നടപടി ബാലാവകാശ നിയമത്തിന് എതിരാണെന്നും ബാലാവകാശ കമ്മീഷന്‍ പറഞ്ഞിരുന്നു.
ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി. കേസില്‍ നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജാമ്യം തള്ളിയിരുന്നു. വിദ്യാര്‍ഥികള്‍ പുറത്തിറങ്ങിയാല്‍ അവരുടെ ജീവന് ഭീഷണിയുണ്ടെന്നും ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും ചൂണ്ടിക്കാണിച്ചാണ് നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നത്.
കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു ഷഹബാസിനെ താമരശ്ശേരി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ ഫെയര്‍വെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. തര്‍ക്കത്തിന്റെ തുടര്‍ച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്.
തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ഷഹബാസിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിക്കുകയായിരുന്നു. തലച്ചോറില്‍ 70 %ക്ഷതമേറ്റതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു വിദ്യാര്‍ഥി ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. പിന്നാലെ ജുവനൈല്‍ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തില്‍ വച്ചായിരുന്നു കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്.