'കള്ളകഥകള്‍ തുറന്നുകാട്ടി മുന്നോട്ടുപോകും'; സര്‍ക്കാരിനെതിരേ ജനവികാരമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

Update: 2026-01-25 05:54 GMT

തിരുവനന്തപുരം: സര്‍ക്കാരിനെതിരേ ജനവികാരമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്ലാ കള്ളകഥകളെയും തുറന്നു കാട്ടി മുന്നോട്ടു പോകേണ്ട ബാധ്യത പാര്‍ട്ടിക്കുണ്ട്. ജനങ്ങള്‍ മുന്നോട്ടു വച്ച വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് ആവശ്യമായവ തിരുത്തി മുന്നോട്ടു പോകുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്‌ഐആര്‍ എല്‍ഡിഎഫിന്റെ പദ്ധതിയാണെന്ന നിലക്ക് ആളുകളിലേക്ക് എത്തിയിട്ടുണ്ടെന്നും ഇത് ജനങ്ങള്‍ തന്നെ തുറന്നുപറയുന്ന സാഹചര്യവും ഉണ്ടായെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എല്‍ഡിഎഫിനെതിരേ കള്ളകഥ പ്രചരിപ്പിക്കാനാണ് യുഡിഎഫിന്റെ ശ്രമം. ആരോഗ്യം, പശ്ചാത്തല സൗകര്യങ്ങള്‍ എന്നീ മേഖലകളില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിയിട്ടുണ്ട്. വരുന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു തന്നെയാണ് വിജയ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സര്‍ക്കാരിനെതിരേ ജനവികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട നടപടികള്‍ ഇടതുപക്ഷത്തിനെതിരേ തിരിക്കാന്‍ ശ്രമമുണ്ടായി. കുറ്റവാൡള്‍ ആരായാലും അവരെ ശിക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് എസ്‌ഐടിയോട് തങ്ങള്‍ തന്നെ ആവശ്യപ്പെട്ടതാണ്. തങ്ങള്‍ ഒരിക്കളും അവസരവാദപരമായ നടപടി സ്വീകരിച്ചിട്ടില്ല. അന്നും ഇന്നും പാര്‍ട്ടിക്ക് ഒരേ നിലപാടാണ് എന്നും അദ്ദേഹം വ്യക്തമാക്കി. അനാവശ്യമായി സോണിയാഗാന്ധിയെ വലിച്ചിഴക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിച്ചതാണ് എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Tags: